ലക്നൗവിനെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് രാജസ്ഥാന് തിരിച്ചടി, സഞ്ജു സാംസണ്‍ കളിക്കുന്ന കാര്യം സംശയത്തിൽ
ജയ്പൂർ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യനായ മത്സരത്തില്‍ ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടാനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശങ്കയായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പരിക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ സഞ്ജുവിന് ഇന്ന് ലക്നൗവിനെിരെ കളിക്കാനാകുമോ എന്ന കാര്യം വ്യക്തമാവു. സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇടതുവാരിയെല്ലിനും അടിവയറിന്‍റെ ഭാഗത്തും വേദന അനുഭവപ്പെട്ട സഞ്ജു സ്കാനിംഗിന് വിധേയനായെന്നും സ്കാനിംഗ് റിപ്പോർട്ടുകള്‍ക്ക് കാത്തിരിക്കുകയാണെന്നും കോച്ച് രാഹുല്‍ ദ്രാവിഡും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്കെതിരെ19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സ്പിന്നര്‍ വിപ്രജ് നിഗമിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സഞ്ജുവിന് പരിക്കേറ്റത്. പിന്നീട് ചികിത്സ എടുത്തശേഷം ഒരു പന്ത് കൂടി സഞ്ജു നേരിട്ടെങ്കിലും ഓടാനാവില്ലെന്ന് വ്യക്തമായതോടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
മത്സരശേഷം പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് സഞ്ജു പറഞ്ഞിരുന്നു. കൈവിരലിന് പരിക്കേറ്റതിനാല്‍ ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്. റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തിയ സഞ്ജുവിന് കീഴില്‍ ഒരു മത്സരത്തില്‍ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണിപ്പോൾ. ഇന്നത്തെ മത്സരത്തില്‍ ലക്നൗവിനെ തോല്‍പ്പിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. ഏഴ് കളികളില്‍ 224 റണ്‍സടിച്ച സഞ്ജു യശസ്വി ജയ്സ്വാളിന്(233) പിന്നില്‍ രാജസ്ഥാന്‍റെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനാണ്.