മുർഷിദാബാദ് അക്രമം, ബംഗ്ലാദേശ് പ്രസ്താവന തള്ളി ഇന്ത്യ

ദില്ലി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ അക്രമത്തിനെതിരായ ബംഗ്ലാദേശ് പരാമർശത്തെ തള്ളി ഇന്ത്യ. മൂന്ന് പേർ കൊല്ലപ്പെട്ട അക്രമത്തേക്കുറിച്ചുള്ള ബംഗ്ലാദേശ് പരാമർശമാണ് ഇന്ത്യ വെളളിയാഴ്ച തള്ളിയത്. തെറ്റായ പരാമർശങ്ങൾ നടത്തുന്നതിന് പകരം ബംഗ്ലാദേശ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രംധീർ ജയ്സ്വാൾ വിശദമാക്കിയത്. 

ഇന്ത്യയിൽ മുസ്ലിം വിഭാഗത്തിനെതിരായി നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതായാണ് വ്യാഴാഴ്ച ബംഗ്ലദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനിസ് പ്രതികരിച്ചത്. ആളുകൾക്കും സ്വത്തുക്കൾക്കും സാരമായ നാശ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരും ഇന്ത്യാ ഗവൺമെന്റും ശക്തമായ നടപടികൾ സ്വീകരിച്ച് രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിംകളെ സംരക്ഷിക്കണമെന്നാണ് മുഹമ്മദ് യൂനിസിന്റെ പ്രസ് സെക്രട്ടറി വിശദമാക്കിയത്. 

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് സമാന്തരമായി സംഭവത്തെ ഉയർത്താനുള്ള ശ്രമമായാണ് ബംഗ്ലാദേശ് പരാമർശത്തെ ഇന്ത്യ നിരീക്ഷിക്കുന്നത്. മുർഷിദാബാദിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അക്രമത്തിൽ  ബംഗ്ലാദേശിൽ നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ ബംഗ്ലാദേശിൽ നിന്നുള്ളവർ നടത്തിയ അക്രമം നിയന്ത്രണം വിട്ടതാണ് മുർഷിദാബാദിൽ സംഭവിച്ചതെന്ന രീതിയിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. സംഭവത്തിലെ ബംഗ്ലാദേശ് പ്രസ്താവന തെറ്റാണെന്നും വ്യാജ വ്യാഖ്യാനം നൽകുന്നതാണെന്നും രംധീർ ജയ്സ്വാൾ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin