മുംബൈ ഭീകരാക്രമണം; ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം, റാണയില്‍ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിലവില്‍ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

ഒരാഴ്ച്ചയായി എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങൾ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൌകര്യം കണ്ടെത്തി നൽകിയതും ഷെയ്ഖായിരുന്നു. റാണയുടെ നിർദ്ദേേശപ്രകാരമാണ് ഷെയ്ഖ് ഹെഡ്ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. 

എന്നാൽ റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിൽ ഇല്ല. ഇയാൾ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു. റാണയ്ക്ക് ഇന്ത്യയിൽ ഏതെങ്കിലും സംഘടനയായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ എന്നത് അറിയാനാണ് ശ്രമം.  

By admin