ഫോണ്‍ ചെയ്തുചെയ്ത് കവിളാകെ വീര്‍ത്തുവന്നു, മുഖം ചോരച്ചുവപ്പില്‍ മുങ്ങി, തല കറങ്ങി…!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം. 

മീനച്ചൂടും മേടച്ചൂടും ഉച്ചിയിലെത്തി ഭൂമിയെ ചുട്ടുപഴുപ്പിക്കുമ്പോഴാണ് ഓര്‍മയിലെ ഓരോ അവധിക്കാലവും കടന്നുപോകുന്നത്. തൊണ്ണൂറുകളിലെ ഓരോ അവധിക്കാലവും ഞങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെയാണ്. വരണ്ടുണങ്ങിയ പാടവരമ്പും തൊട്ടാവാടി നിറഞ്ഞു നില്‍ക്കുന്ന പുല്‍മേടുകളും കണിക്കൊന്ന പൂക്കുന്ന മലമേടുകളും വേലി പടര്‍പ്പിലെ മുല്ലച്ചെടിയും കണ്ടു മതിവരാത്ത ലാലേട്ടന്‍ -മമ്മൂക്ക സിനിമകളും, വള്ളുവനാട്ടിലെ കാളവേലകളും നിറഞ്ഞ അവധിക്കാലം. 

ചേലക്കരയാണ് സ്വദേശം. കാളവേലകളും വെടിക്കെട്ടും വള്ളുവനാടന്‍ ഗ്രാമഭംഗിയും നിറഞ്ഞ തനി നാടന്‍ ഗ്രാമം. വീട്ടില്‍ ഞങ്ങള്‍ മൂന്നു പേര്‍. ഞാന്‍ മൂത്തതായതിനാല്‍ കൂടെപ്പിറപ്പുകള്‍ ചെയ്തു വയ്ക്കുന്ന എല്ലാ കുരുത്തക്കേടിനും എന്റെ പുറത്തു അരിശം തീര്‍ക്കാനേ അമ്മക്ക് നേരമുള്ളു. എന്നാലും കൊള്ളുന്ന അടിക്കും കേള്‍ക്കുന്ന ചീത്തകള്‍ക്കും അവരും കൂടെയുണ്ടാവും. ദിനംപ്രതി ഓരോ പുത്തന്‍ കളികളുമായി കൂടെ കൂടാന്‍ ഒരു പറ്റം ചങ്ങാതി കൂട്ടം ഒപ്പം കാണും. 

മാര്‍ച്ചിലെ പരീക്ഷകള്‍ക്ക് അവധി നല്‍കി കാത്തിരുന്നു കിട്ടുന്ന രണ്ടു മാസം. പഠിക്കുവാനോ സ്‌കൂളില്‍ പോകുവാനോ ആരും പറയാതെ കീഴ്‌മേല്‍ മറിയാന്‍ കിട്ടിയ മാസങ്ങള്‍. അമ്മയും കുട്ടിയും (കഞ്ഞിയും ചോറും), കള്ളനും പോലീസും, ചില്ലു കളി, സാറ്റ് കളി, കല്ലുകളി അങ്ങനെ പല പേരില്‍ പല കളികള്‍. വീണുകിട്ടുന്ന രണ്ടു മാസക്കാലത്ത് ഓരോ ദിവസവും ഓരോ കളികള്‍. 

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഞങ്ങള്‍ അമ്മയും കുട്ടിയും കളിക്കാന്‍ തീരുമാനിച്ചത്. അമ്മയുടെ പഴയ സാരി വലിച്ചു കെട്ടി മെടഞ്ഞ തെങ്ങോല കൊണ്ട് അച്ഛനൊരു കളിവീടുണ്ടാക്കി തന്നു. അമ്മു ചേച്ചിയുടെ വീട്ടിലെ ഉരുളന്‍ ചിരട്ടകള്‍ പെറുക്കിയെടുത്തു പാത്രങ്ങളാക്കി. അമ്പലപ്പറമ്പിലെ മുറ്റത്തു നല്ല തരി മണല്‍ കിട്ടും. അതരിച്ചെടുത്തു ചോറാക്കി. കല്ലുകള്‍ പെറുക്കി മൂന്നാക്കി അടുപ്പുണ്ടാക്കി. അച്ഛമ്മയുടെ വീട്ടില്‍ പൂത്തുനില്‍ക്കുന്ന എല്ലാ പൂക്കളും ഞങ്ങളുടെ കളിപാത്രങ്ങളിലെ വിവിധയിനം കറികളായി. പ്ലാസ്റ്റിക് കുപ്പിയില്‍ താഴെ തുളയിട്ട് പൈപ്പാക്കി. എന്നും ഉറക്കമുണര്‍ന്നാല്‍ നേരെ പോകുന്നതും കളിവീട്ടിലേക്കാണ്. കരിമ്പന്‍ പട്ടി കയറാതിരിക്കാന്‍ കയറ്റി വച്ച ഓലക്കെട്ട് അവിടെയില്ലേ എന്നുറപ്പുവരുത്താന്‍. 

കളി കഴിഞ്ഞ് പോകും നേരം കരിമ്പന്‍ പട്ടി ഞങ്ങളെ നോക്കി പേടിപ്പിക്കും. കളി കഴിഞ്ഞ് ഭാരമുള്ള ഓലക്കെട്ടുകള്‍ ഓരോന്നും വലിച്ചു ഞങ്ങള്‍ തന്നെ കളിവീടിനു ചുറ്റും കൂട്ടിയിടും.ര ാവിലെ മുതല്‍ ഞങ്ങളെ നോക്കി പേടിപ്പിക്കുന്ന കരിമ്പന്‍ പട്ടി തക്കം നോക്കി കിടക്കാണ്, അതിനുള്ളിലൊന്നു കയറാന്‍. എന്നാല്‍, രാത്രിയില്‍ ജനല്‍പാളി പതിയെ മാറ്റി ഞാന്‍ നോക്കുമ്പോഴെല്ലാം അവന്‍ കളിവീടിനു ചുറ്റും ഒരു കാവലായി നടക്കുന്നുണ്ടാവും. പതിയെ അവനോടുള്ള സ്‌നേഹവും കൂടി. ബ്ലേഡ് വച്ചു നുറുക്കി കൂട്ടുന്ന എല്ലാ ഇലകളും ചിരട്ടയിലിട്ട് ഇളക്കിയെടുത്തു കുഞ്ഞു കല്ലുകള്‍ പെറുക്കികൂട്ടി കടുകുവറുത്തതാണെന്നു ഉറപ്പു വരുത്തി നാക്കിലയില്‍ വിളമ്പി ഞങ്ങള്‍ വാരിയെടുത്തു ചുണ്ട് വരെ മുട്ടിച്ചു. രുചി അധികമാണെന്ന് പറഞ്ഞു നീട്ടി മൂളി. വീട്ടിലെ ചോറുണ്ണല്‍ കഴിഞ്ഞാല്‍ കളിവീട്ടിലെ ചോറുണ്ണല്‍ നിര്‍ബന്ധമാണ്. വീട്ടിലേക്ക് വരുന്ന വിരുന്നുകാരെ ഞങ്ങള്‍ കളിവീടു പരിചയപ്പെടുത്തും. 

അങ്ങനെയിരിക്കെയാണ് കണ്ണേട്ടന്റെ വീട്ടില്‍ ആദ്യമായി ലാന്‍ഡ് ഫോണ്‍ വരുന്നത്. ചുവന്ന കളറില്‍ കറുപ്പ് പിരിയന്‍ വയറും ചെവിയോട് ചേര്‍ത്ത് പിടിച്ചു കണ്ണേട്ടന്‍ ചെന്നൈയിലുള്ള അച്ഛനോട് സംസാരിക്കുന്നത് ഞാന്‍ നോക്കി നിന്നു. അകലെയുള്ള ആരെയും തൊട്ടടുത്തുള്ളതു പോലെ സംസാരിക്കാന്‍ എനിക്കും കൊതിയായി. എന്നാല്‍ ആരും വിളിക്കാനില്ലാത്തതിനാല്‍ കണ്ണേട്ടന്റെ അച്ഛന്റെ ഫോണ്‍ വരുന്നത് ഞാനും കാത്തിരുന്നു. രാത്രി എട്ടു മണിക്ക് വരുന്ന ഫോണ്‍ എനിക്കുള്ളതുപോലെ തോന്നി. പക്ഷേ ഫോണിലൂടെ ശബ്ദം എങ്ങനെയാവും എന്നൊരു സംശയം എന്റെ കൂടെ കൂടി. എന്റെ അച്ഛനും ദൂരെ ജോലിയാണെങ്കില്‍ എന്റെ വീട്ടിലും ഫോണ്‍ ഉണ്ടാവുമല്ലോ എന്നോര്‍ത്തു ഞാന്‍ വിഷമിച്ചു. ‘അച്ഛാ അച്ഛനും ദൂരെ ജോലിക്ക് പൊയ്ക്കൂടേ. അതാവുമ്പോള്‍ എനിക്കും കണ്ണേട്ടനെ പോലെ ഫോണില്‍ സംസാരിക്കാലോ.’

എന്റെ ചോദ്യം കേട്ടതും അച്ഛന്‍ പറഞ്ഞു- ‘നിനക്ക് നിന്റെ കളിവീട്ടിലേക്ക് ഫോണ്‍ വാങ്ങി വക്കാലോ. ഒരെണ്ണം വാങ്ങി വച്ചോ..’ അച്ഛന്റെ ആ മറുപടിയും ചിരിയും ആദ്യം ദേഷ്യം വന്നെങ്കിലും ഞാന്‍ അന്നു രാത്രി അതിനെ പറ്റി ആലോചിച്ചു.

നേരം പുലര്‍ന്നു. അനിയത്തി പൊട്ടിച്ച പെര്‍ഫ്യൂം ബോട്ടില്‍ കൈയില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അമ്മയുടെ രാവിലത്തെ അങ്കം. മൂലയില്‍ ഒന്നും മിണ്ടാതെ അടി കാത്തിരിക്കുന്ന അവളെ കണ്ടപ്പോള്‍ എനിക്ക് പാവം തോന്നി. സൂക്ഷിച്ചു വച്ച പെര്‍ഫ്യൂം ബോട്ടില്‍ പൊട്ടി വീട്ടിലാകെ സുഗന്ധം നിറഞ്ഞു. പറ്റിപ്പോയ തെറ്റില്‍ അവള്‍ നിരാശയിലായി. അമ്മയൊന്നു ദേഷ്യം മാറി വീട്ടുജോലികളില്‍ മുഴുകിയപ്പോള്‍ ഞാന്‍ അവളെയും കൂട്ടി പൊട്ടിയ ചില്ലുകള്‍ കൂട്ടിയിടുന്ന വേലിയരികിലേക്ക് പോയി. എന്നിട്ട് പൊട്ടിയ പെര്‍ഫ്യൂം ബോട്ടില്‍ എടുത്തു നോക്കി. കൊള്ളാം താഴ്ഭാഗം പൊട്ടി ചില്ലു പുറത്തേക്ക് കൂര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല. അവളുടെ കൈയും പിടിച്ചു പാവാടത്തുമ്പില്‍ മറച്ചുപിടിച്ചു പെര്‍ഫ്യൂം ബോട്ടില്‍ എടുത്തു അമ്മ കാണാതെ കളിവീട്ടിലേക്ക് പോയി. 

കളിക്കുന്ന തിരക്കിലാണ് ഞങ്ങള്‍. അമ്മയുടെ പണിയെല്ലാം ഞങ്ങളും കളിവീട്ടില്‍ അനുകരിച്ചു. മുറ്റം അടിച്ചുവാരി, ഇലകള്‍ പറിച്ചു, മണ്ണ് അരിച്ചെടുത്തു ഞങ്ങളും പണികളെടുത്തു. ചിരട്ടയില്‍ മണ്ണരി ചോറു നിറച്ചു മൂന്നു കല്ലുകള്‍ കൂട്ടിയ അടുപ്പില്‍ വച്ചു ഇളക്കികൊണ്ടിരുന്നു. മണ്ണരി വേവുന്നതും നോക്കിനിന്നൊരു കാലം. ഓര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു. അപ്പോഴാണ് സൂര്യപ്രകാശം തട്ടി പെര്‍ഫ്യൂം ബോട്ടില്‍ തിളങ്ങുന്നത് കാണുന്നത്. പെട്ടന്നുള്ള ബുദ്ധിയില്‍ അതെടുത്തു നോക്കി. ഉരുളന്‍ കുപ്പി. പൊട്ടിയെങ്കിലും ഒട്ടും ഭംഗി നഷ്ടപ്പെട്ടിട്ടില്ലല്ലോ എന്നു വീണ്ടും ഓര്‍ത്തു. 

കളിവീട്ടില്‍ ഒരു ഫോണ്‍ കുറവുണ്ട്. ഇതു കണ്ടപ്പോള്‍ ഒരു കൗതുകം. പൊട്ടിയ ബോട്ടിലിന്റെ താഴ്വശത്ത് നീളമുള്ള വാഴനാരു കൊണ്ട് ഒരു കെട്ടിട്ടു. ശേഷം തൂങ്ങി കിടക്കുന്ന വാഴനാരു വേറൊരു പരന്ന കല്ലില്‍ കെട്ടി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പെര്‍ഫ്യൂം ബോട്ടില്‍ ഫോണും, പരന്ന കല്ല് കീ പാഡും, വാഴനാരു അവയെ ബന്ധിപ്പിച്ചും കിടന്നു. കണ്ണേട്ടന്റെ വീട്ടിലെ ഫോണ്‍ എന്റെ വീട്ടിലും വന്നല്ലോ…. സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി.

ചുരുക്കി പറഞ്ഞാല്‍ പെര്‍ഫ്യൂം ബോട്ടിലും വാഴനാരും പരന്ന കല്ലും എന്റെ വീട്ടിലെ ഫോണായി. അമ്മയുടെ പക്കല്‍ നിന്നും കേട്ട വഴക്ക് മറന്നു അനിയത്തിയും എന്റെ കൂടെ കൂടി. ഫോണ്‍ കളിവീട്ടില്‍ വച്ചു ഞങ്ങള്‍ കളി തുടര്‍ന്നു.

‘ര്‍ണീം…ര്‍ണീം…. ര്‍ണീം…’കളിവീടിനു കുറച്ചകലെ പുളി മരത്തിനു താഴെ നിന്നു കൊണ്ട് അവള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി. എന്റെ വീട്ടില്‍ പെര്‍ഫ്യൂം ബോട്ടില്‍ ഫോണ്‍ അടിക്കുന്നു. അതൊരു വല്ലാത്ത സന്തോഷമായിരുന്നു. എല്ലാം കളിയുടെ ഭാഗം. മണ്ണരി ചോറു വിളമ്പുന്ന ഞങ്ങള്‍ക്ക് പെര്‍ഫ്യൂം ബോട്ടില്‍ ഫോണാക്കി ഉപയോഗിക്കാലോ. ഞാന്‍ ചിരട്ട താഴെ വച്ചു ഓടി ചെന്ന് പെര്‍ഫ്യൂം ഫോണ്‍ എടുത്തു ചെവിയില്‍ ചേര്‍ത്ത് വച്ചു. വാഴനാരു ഇടക്കിടക്ക് ഇളക്കി ഫോണ്‍ ബന്ധം ഉറപ്പിച്ചു. പുളിച്ചോട്ടില്‍ നിന്നും അനിയത്തി വിളിച്ചു കൂവുന്ന കാര്യങ്ങള്‍ പെര്‍ഫ്യൂം ബോട്ടില്‍ ഫോണിലൂടെ കേള്‍ക്കുന്ന പോലെ ഞാനും അവളും അഭിനയിച്ചു. കേട്ടിട്ടും കേള്‍ക്കാത്ത പോലെ വീണ്ടും വീണ്ടും ഹലോ പറഞ്ഞു. കണ്ണേട്ടന്‍ ഫോണില്‍ ചെയ്യാറുള്ള പോലെ ഞാനും ചെയ്തു. ‘ഓക്കേ എന്നാല്‍…. ബൈ’ പറഞ്ഞു ഞാന്‍ പെര്‍ഫ്യൂം ബോട്ടില്‍ താഴെ വച്ചു. ഞങ്ങള്‍ ചിരിച്ചു. 

കളിവീട്ടില്‍ ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കൂടി കിട്ടിയിരിക്കുന്നു. തിരികെ വന്നു വീണ്ടും ചിരട്ടയെടുത്തു ഞങ്ങള്‍ കളി തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടത്തെ കവിളില്‍ ഒരു നീറ്റം. ആദ്യം അവഗണിച്ചെങ്കിലും സഹിക്കാന്‍ പറ്റാത്ത നീറ്റലായി. കളി മതിയാക്കി ഞാന്‍ അവളെ വിളിച്ചു. ഓടി എനിക്കരികില്‍ എത്തിയ അവളുടെ വിളറിയ മുഖം കണ്ടു ഞാന്‍ ഭയന്നു. എന്നെ അവിടെയാക്കി അവള്‍ അമ്മയെ വിളിച്ചു ഉറക്കെ കരയാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ നീറ്റല്‍ കാരണം ഒന്നും പറയാന്‍ വയ്യ. പതിയെ തല കറങ്ങുന്ന പോലെ. മേടത്തിലെ ചൂടും വിയര്‍പ്പും കണ്ണിലേക്കു ഇരച്ചു കയറി. ദേഹം തളര്‍ന്നു. കൈ വിരലുകള്‍ അനക്കാന്‍ വയ്യ.. ഞാന്‍ വീഴുമോ?

അല്ല ഞാന്‍ ഞാന്‍ വീണിരിക്കുന്നു. കണ്ണു തുറന്ന ഞാന്‍ കണ്ടത് വീണ സ്ഥലമല്ല. ആശുപത്രിയിലെ മരുന്നുകളുടെ മണം എന്നില്‍ തുളഞ്ഞു കയറി. ചുറ്റിലും അമ്മയും അച്ഛനും എല്ലാരുമുണ്ട്. എന്നെ കണ്ടതും അവരെല്ലാം ചിരിച്ചു. കൂടെ ഞാനും. പക്ഷേ എനിക്കു പറ്റുന്നില്ല. കവിളില്‍ എന്തോ വലിച്ചുകെട്ടിയ പോലെ. ഒരു ഭാരം. ‘ഇനി ഫോണ്‍ വിളിക്കുന്നുണ്ടോ?’ അമ്മ ചിരിച്ചുകൊണ്ടു ചോദിച്ചു. കൂട്ടത്തില്‍ അച്ഛനും അമ്മക്കൊപ്പം കൂടി ചിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാവാത്ത പോലെ കിടന്നു. കവിളിലെ വേദന എന്നെ അസ്വസ്ഥമാക്കി.

ആരോടും ഒന്നും പറയാതെ ഞാന്‍ കിടന്നു.

‘ചേച്ചി വിളിച്ച ഫോണിന്റെ അറ്റം പൊട്ടിയിരുന്നു. അതു കോറി ചേച്ചിടെ കവിളില്‍ മുറിവുണ്ട്.’ തിരിച്ചു വീട്ടിലെത്തി രാത്രി ഉറങ്ങാന്‍ കിടക്കും നേരം അനിയത്തി എന്നോട് പറഞ്ഞു. ഫോണായി ഞാന്‍ ഉപയോഗിച്ച പെര്‍ഫ്യൂം ബോട്ടിലെ പൊട്ടിയ കൂര്‍ത്ത ചില്ലു ഭാഗം എന്റെ മുഖത്തു കോറിയിട്ട മുറിവുകണ്ടാണ് അനിയത്തി അമ്മയെ വിളിച്ചതും എല്ലാവരും പേടിച്ചതും രക്തം വാര്‍ന്നൊഴുകി ഞാന്‍ താഴെ വീണതും. അവളോട് ഞാന്‍ പറഞ്ഞ അവസാനത്തെ ബൈ ക്കു ശേഷം ബോട്ടില്‍ പരന്ന കല്ലില്‍ വയ്ക്കുമ്പോള്‍ കൂര്‍ത്ത പൊട്ടിയ ഭാഗം എന്റെ കവിളില്‍ കോറിയിരുന്നു. എന്നാല്‍ കളിയുടെ തിരക്കില്‍ ആഴത്തില്‍ പറ്റിയ മുറിവ് ഞാന്‍ ശ്രദ്ധിച്ചില്ല. പക്ഷേ നീറ്റല്‍ സഹിക്കാന്‍ പറ്റാതെ അലറിയതും തളര്‍ന്നു വീണതും, മുറിവ് കെട്ടി കവിളു വീര്‍ത്തതും, പിന്നീടുള്ള കളിയാക്കലുകളുമെല്ലാം ഒരോര്‍മ്മതന്നെയാണ്. 

വര്‍ഷങ്ങള്‍ക്കിപ്പുറവും കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു നേര്‍ത്ത പാടായി അന്നത്തെ ഫോണ്‍ വിളിയും മുറിവും കൂടെയുണ്ട്. ഇപ്പോഴും വീട്ടില്‍ പൊട്ടുന്ന എല്ലാ ചില്ലുപാത്രങ്ങളും എന്റെ കഥ കേട്ടു മടുത്തുകാണും. 

എത്ര മനോഹരമായ കുട്ടിക്കാലമാണ് കടന്നുപോയത്. ഫോണില്ലാത്ത, റീല്‍സുകള്‍ ഇല്ലാത്ത, മുറികളില്‍ അടച്ചിരിക്കാത്ത, മണ്ണും മഴയും ചേര്‍ത്തൊരു കുട്ടിക്കാലം. ഇപ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന അല്ലെങ്കില്‍ അന്യം നിന്നു പോകുന്ന ആ നിഷ്‌കളങ്ക ബാല്യം കിട്ടിയ ഞാനടങ്ങുന്ന ഞങ്ങളുടെ തലമുറ എത്ര ഭാഗ്യവാന്മാരാണ്. ഇതെഴുതുമ്പോഴും മുഖത്തു കവിളില്‍ ആ നീറ്റല്‍ ഇപ്പോഴുമുണ്ട്. ബാല്യത്തിന്റെ ഒരു അവശേഷിപ്പായി കൂടെ കൂടിയ ഒരു മുറിപ്പാട്.

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

By admin