പ്രായഭേദമന്യേ അവർ 300 പേർ ഒത്തുച്ചേർന്നു, തെരുവിലൊരു മനുഷ്യച്ചങ്ങലയുണ്ടായി, എല്ലാം ഇതിനുവേണ്ടി
എന്തെങ്കിലും ഒരു നല്ല കാര്യത്തിന് വേണ്ടി മനുഷ്യരെല്ലാം ഒന്നുചേർന്ന് പ്രവർത്തിക്കുന്നത് പോലെ മനോഹരമായ കാഴ്ച വേറെ ഇല്ല അല്ലേ? മിഷിഗണിലെ ചെൽസിയിലും അതുപോലെ ഒരു സംഭവം നടന്നു. അതാണ് ഇപ്പോൾ വാർത്തയാവുന്നത്. 300 പ്രദേശവാസികൾ ചേർന്ന് അവിടെ ഒരു മനുഷ്യച്ചങ്ങല നിർമ്മിച്ചു. എന്തിനാണെന്നോ? 9100 പുസ്തകങ്ങൾ ഒരു ബുക്ക്സ്റ്റോറിൽ നിന്നും മറ്റൊരു ബുക്ക്സ്റ്റോറിലേക്ക് മാറ്റുന്നതിന് വേണ്ടിയായിരുന്നു അത്.
ഞായറാഴ്ച രാവിലെയാണ് അയൽക്കാരും സുഹൃത്തുക്കളും പുസ്തകപ്രേമികളും എല്ലാം പുസ്തകങ്ങൾ മാറ്റുന്നതിനായി ഒത്തുകൂടിയത്. 2017 മുതൽ ഇവിടെയുള്ള സെറൻഡിപിറ്റി ബുക്‌സ് ഇവിടുത്തുകാർക്കെല്ലാം വളരെ പ്രിയപ്പെട്ടതായിരുന്നു. ആ കട മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പുസ്തകങ്ങളും മാറ്റേണ്ടി വന്നത്. അങ്ങനെ പുസ്തകങ്ങൾ മാറ്റുന്നതിനായി എല്ലാവരും ഇവിടെ ഒത്തുചേർന്നു.
വെറും 350 അടി അകലത്തിലേക്കാണ് കടയുടെ ഉടമയായ ടാന്യ ടുപ്ലിൻ കട മാറ്റിയിരുന്നത്. അങ്ങനെ മാറ്റാൻ തീരുമാനിച്ചപ്പോൾ ടാന്യ അതിന് വേണ്ടി എന്ത് ചെയ്യാനാകും എന്ന് ആലോചിച്ച് തുടങ്ങി. അപ്പോഴാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് മറ്റൊരിടത്ത് മനുഷ്യച്ചങ്ങല വഴി ഇതുപോലെ പുസ്തകങ്ങൾ മാറ്റിയിരുന്നത് ഓർത്തത്.
അങ്ങനെയാണ് ആളുകളെ വിളിച്ച് പുസ്തകങ്ങൾ മാറ്റാം എന്ന് അവർ തീരുമാനിക്കുന്നത്. അങ്ങനെ, പോസ്റ്ററുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒക്കെ ആളുകളെ വിവരം അറിയിച്ചു. ടാന്യയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. പുസ്തകം മാറ്റുന്നതിനായി ആളുകൾ എത്തുക തന്നെ ചെയ്തു. വളരെ സന്തോഷത്തോടെയാണ് ഓരോരുത്തരും ഇതിൽ പങ്കാളികളായത്. പുസ്തകങ്ങളെ കുറിച്ചുള്ള കമന്റുകളോടെയും മറ്റുമാണ് ഓരോ പുസ്തകവും കൈമാറിപ്പോയത്.
അങ്ങനെ രണ്ട് മണിക്കൂറിനുള്ളിൽ ടാന്യയുടെ പഴയ സ്റ്റോറിൽ നിന്നും പുതിയ സ്റ്റോറിലേക്ക് പുസ്തകങ്ങൾ ഓരോന്നായി മാറ്റാനായി. പുസ്തകം ഇങ്ങനെ മാറ്റാൻ താനെടുത്ത തീരുമാനം വളരെ നന്നായിരുന്നു എന്നാണ് ടാന്യ പറയുന്നത്. ശരിക്കും മനുഷ്യൻ എത്ര മനോഹരമായ പദമാണ് അല്ലേ?