പേടിച്ചോടിയതെന്ന് ഷൈൻ ടോം ചാക്കോ, ആരോ അക്രമിക്കാൻ വന്നെന്ന് കരുതി; ഗൂഗിൾ പേ ഇടപാടുകൾ അടക്കം പരിശോധിച്ച് പൊലീസ്
കൊച്ചി: ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.
ഹോട്ടലിൽ ലഹരി പരിശോധന നടന്ന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഇഴകീറി ചോദ്യം ചെയ്യുകയാണ് പൊലീസ്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്‍റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.