നായകൻ ജയൻ, 1979ലെ സൂപ്പർ ഹിറ്റ് ചിത്രം; ശരപഞ്ജരം ഏപ്രിൽ 25ന് തിയറ്ററിൽ, ട്രെയിലർ എത്തി
റീ റിലീസ് ട്രെന്റിൽ മലയാള സിനിമയിൽ നിന്നും വീണ്ടുമൊരു സിനിമ കൂടി തിയറ്ററുകളിലേത്ത്. ജയൻ നായകനായി എത്തിയ ശരപഞ്ജരം ആണ് കാലങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.
1979ൽ റിലീസ് ചെയ്ത ചിത്രമാണ് ശരപഞ്ജരം. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജയന്‍റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവരാൻ ശരപഞ്ജരത്തിന് സാധിച്ചിരുന്നു. ജയന് മികച്ച നായക കഥാപാത്രങ്ങള്‍ പിന്നീട് ലഭിക്കാനും ഈ ചിത്രം തുണയായി. 4 കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസറും അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഖുറേഷിയുടേത് റെക്കോർഡ് നേട്ടം, ഷൺമുഖൻ എത്ര നേടും ? തുടരും എത്താൻ ഇനി ആറ് നാൾ
മലയാളത്തിൽ റി റിലീസ് ചെയ്യുന്ന എട്ടാമത്തെ സിനിമയാണ് ശരപഞ്ജരം. ഒരു വടക്കൻ വീരഗാഥ ഉള്‍പ്പടെയുള്ള മമ്മൂട്ടി സിനിമകൾക്ക് പുറമെ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ സിനിമകളും റി റിലീസ് ചെയ്തിരുന്നു. ദേവദൂതൻ ആണ് റി റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയെന്നാണ് റിപ്പോർട്ടുകൾ. ഉദയനാണ് താരം ആണ് ഇനി റി റിലീസിന് ഒരുങ്ങുന്ന മോളിവുഡ് ചിത്രം. ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ വരുമെന്ന് പറയപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.