മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തരുൺ മൂർത്തി ചിത്രമാണ് തുടരും. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തുകയാണ്. പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്ന ചിത്രം, തിരക്കഥാകൃത്തായ കെ ആർ സുനിൽ കണ്ട ഒരു കാഴ്ചയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഒരു മനുഷ്യന്റെ വേദനയും നിസ്സഹായതയുമെല്ലാം പേറിയൊരു കാഴ്ച. അതെന്താണെന്ന് സുനിൽ തന്നെ പറയുന്നു…
‘ആ കാഴ്ചയിലെ ഇമോഷൻ എന്തായിരുന്നു’
‘അത് വേദനയായിരുന്നു, നിസ്സഹായനായ ഒരു മനുഷ്യനെയാണ് അവിടെ കാണാൻ കഴിഞ്ഞത്’
ഓരോ ഫോട്ടോ പകർത്തുമ്പോഴും കെ ആർ സുനിൽ എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ മാത്രമല്ല ചിത്രങ്ങൾ പതിയാറുള്ളത്, അയാളുടെ മനസ്സിൽ കൂടിയാണ്. അത് തന്നെയായിരിക്കും ഓരോ കാഴ്ചയിലും അയാൾക്ക് പല ജീവിതങ്ങളും കാണാൻ കഴിയുന്നതും. മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ജനിക്കുന്നതും കെ ആർ സുനിൽ എന്ന ഫോട്ടോഗ്രാഫർ കണ്ട ഒരു കാഴ്ചയിൽ നിന്നാണ്. എമ്പുരാന് ശേഷം മോഹൻലാൽ എന്ന നടൻ ഷൺമുഖനായി എത്തുമ്പോൾ പ്രതീക്ഷകൾക്കപ്പുറം സൗന്ദര്യമുള്ള സന്തോഷവും നിറയുന്നുണ്ട്. തുടരുവിന്റെ തിരക്കഥ ഒരുക്കിയ കെ ആർ സുനിലുമായി നടത്തിയ അഭിമുഖത്തിൽ തുടരും തുടങ്ങുന്നത് എങ്ങനെയെന്ന് അദ്ദേഹം പറയുന്നത് ഇങ്ങനെയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് കൊടുങ്ങല്ലൂരിലൂടെ ബസിൽ പോവുമ്പോൾ, പൊലീസ് സ്റ്റേഷന്റെ മതിലിൽ ചാരി ഒരു വശത്തേക്ക് നോക്കി നിൽക്കുന്ന മനുഷ്യനെ സുനിൽ കാണുകയുണ്ടായി. അയാളുടെ ആ നിൽപ്പിലെ നിസ്സഹായതയായിരുന്നു സുനിലിന്റെ കാഴ്ചയിൽ ആഴത്തിൽ പതിഞ്ഞത്. അയാൾക്ക് ആ പൊലീസ് സ്റ്റേഷന്റെ അകത്ത് കയറാൻ ധൈര്യം ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ അയാളെ അവിടെ നിർത്തുന്ന എന്തോ ഉണ്ടെന്നതാണ് കെ ആർ സുനിലിന്റെ മനസില്ഡ നിറഞ്ഞു നിന്നത്. ചില കാഴ്ചകൾ മാത്രം കണ്ടിടത്ത് ഉപേക്ഷിച്ചു പോകുമ്പോൾ ചിലത് അങ്ങ് കൂടെ കൂടും. ചിലത് ആ കാഴ്ച മാത്രമായി നിൽക്കുമ്പോൾ, ചിലതിന്റെ മുൻപും ശേഷവും മനസുകൊണ്ട് തേടിക്കൊണ്ടിരിക്കും. അങ്ങനെ സുനിലിന്റെ ഉണിലും ഉറക്കത്തിലുമെല്ലാം ആ മനുഷ്യൻ വന്നുകൊണ്ടേയിരുന്നു.
അങ്ങനെയാണ്, സുനിൽ അയാൾക്ക് ഷൺമുഖൻ എന്ന പേര് നൽകിയത്. ഷൺമുഖനെ ആദ്യമായി കണ്ട കാഴ്ചയുടെ അപ്പുറവും ഇപ്പുറവുമുള്ള ജീവിതം സുനിൽ മനസുകൊണ്ട് തേടി പിടിച്ചപ്പോഴാണ് അതിലൊരു കഥയുണ്ടെന്നും, പിന്നീടതിൽ ഒരു സിനിമയുണ്ടെന്നതും മനസിലാക്കുന്നത്. അങ്ങനെയാണ് ഷൺമുഖന്റെ കൂടെ ലളിതയും അവർക്ക് ചുറ്റും നിൽക്കുന്ന കുറച്ചു മനുഷ്യരും കൂടുന്നത്.
മണ്ണിൽ ചവിട്ടി നിൽക്കുന്ന ഷൺമുഖനെ എഴുതിക്കൊണ്ടിരിക്കുമ്പോഴൊന്നും സുനിലിന്റെ മനസിൽ മോഹൻലാൽ എന്ന ആക്ടർ ഇല്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് എഴുതിവയ്ക്കപ്പെട്ട കഥ പ്രൊഡ്യൂസർ എം രഞ്ജിത്ത് കാണാനിടയായപ്പോഴാണ് കഥ മാറുന്നത്. ഇത് ലാൽ ചെയ്താൽ നല്ലതായിരിക്കുമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. അങ്ങനെയാണ് ഷൺമുഖൻ ‘ലാലേട്ടനി’ലേക്ക് എത്തിയത്.
സിനിമകളിൽ മാത്രം കണ്ട മോഹൻലാൽ എന്ന നടന്റെ അരികിലേക്ക് ‘തുടരു’വുമായി എത്തുമ്പോൾ, മറ്റൊരു സ്ക്രിപ്റ്റ് അദ്ദേഹം നോക്കി കൊണ്ടിരിക്കുകയായിരുന്നെന്ന് സുനിൽ ഓർത്തു. ഒപ്പം ആന്റണി ചേട്ടനും ഉണ്ടായിരുന്നു. കഥ പറഞ്ഞു തുടങ്ങി മിനുറ്റുകൾക്കുള്ളിൽ ലാലേട്ടൻ ഷൺമുഖന്റെ ലോകത്തേക്ക് എത്തിയതായി സുനിലിന് മനസിലായി. പിന്നീട് അദ്ദേഹം കുഞ്ഞു കുട്ടികളെ പോലെ കഥ കേട്ടിരുന്നു. ഏത് ഒരു കാര്യത്തിലും പൂർണ മനസ് കൊടുത്താണ് ‘ലാലേട്ടൻ’ ചെയ്യുക എന്നത് സുനിലും കൗതുകം ഉണ്ടാക്കി.
രഞ്ജിത്തേട്ടൻ വഴിയാണ് തരുണും ഈ പ്രോജക്ടിലേക്ക് എത്തിയതെന്ന് സുനിൽ പറഞ്ഞു. പിന്നീട് ഞങ്ങളൊന്നിച്ചുള്ള എഴുത്ത് യാത്രയായിരുന്നു. അയാളിലെ നല്ലൊരു മനുഷ്യൻ തന്നെയായിരിക്കണം ഞങ്ങൾക്ക് തമ്മിലുള്ള ആത്മബന്ധത്തിനും കാരണമായത്. തരുണിന്റെ സൗദി വെള്ളക്ക സുനിലിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. മനുഷ്യ ജീവിതങ്ങൾ തരുൺ പറയുന്ന രീതി സുനിലുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാകാം ഇരുവരും ഒന്നിക്കുമ്പോൾ മറ്റൊരു അത്ഭുതമായി തുടരും സംഭവിക്കുന്നത്.
തമിഴ് നാട്ടിൽ നിന്ന് അച്ഛനൊപ്പം കേരളം കാണാൻ വന്ന് അപകടത്തിൽപ്പെട്ട് കാല് നഷ്ടമായ കുഞ്ഞു മോനെ വർഷങ്ങൾക്കിപ്പുറം തിരഞ്ഞു പോയ ‘ഇൻ ഹിസ് പെർസ്യൂട്ട്’ എന്ന ഡോക്യൂമെന്ററി പോലെ തുടരുവിന് ശേഷം സുനിലിന്റെ ഷൺമുഖനെ തേടി പോകുമോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് കെ സുനിൽ ഇങ്ങനെ പറഞ്ഞു ‘ അറിയില്ല, ഇതുവരെ അങ്ങനെയൊന്നും തോന്നുന്നില്ല…ഇനി പോകുമോ എന്നും അറിയില്ലെന്ന് ‘…