തീയറ്ററില്‍ ലഭിക്കുന്നത് വന്‍ അഭിപ്രായം, പക്ഷെ അക്ഷയ് ചിത്രം കേസരി 2വിന് വന്‍ തിരിച്ചടി !

മുംബൈ: അക്ഷയ് കുമാർ, ആർ മാധവൻ, അനന്യ പാണ്ഡെ എന്നിവർ അഭിനയിച്ച ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേസരി: ചാപ്റ്റർ 2 ഏപ്രിൽ 18  വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. വലിയ പ്രതീക്ഷകൾക്കിടയില്‍ ചിത്രത്തിന് ആദ്യം ലഭിച്ച പ്രതികരണങ്ങള്‍ മികച്ചതായിരുന്നു. എന്നിരുന്നാലും, കേസരി 2 വിന് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നിരവധി പൈറേറ്റഡ് ഫിലിം പ്ലാറ്റ്‌ഫോമുകളിൽ കേസരി 2 പതിപ്പ് ചോർന്നതായി റിപ്പോർട്ടുണ്ട്.

ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച്, കേസരി: ചാപ്റ്റർ 2 എച്ച്ഡി പതിപ്പ് ടെലഗ്രാമിലും മറ്റും ചോര്‍ന്നിരിക്കുകയാണ്. ‘കേസരി 2 മൂവി ഡൗൺലോഡ്’, ‘കേസരി 2 മൂവി എച്ച്ഡി ഡൗൺലോഡ്’, ‘കേസരി 2 തമിഴ്‌റോക്കേഴ്‌സ്’, ‘കേസരി 2 ഫിലിംസില’, ‘കേസരി 2 ടെലിഗ്രാം ലിങ്കുകൾ’, ‘കേസരി 2 മൂവി ഫ്രീ എച്ച്ഡി ഡൗൺലോഡ്’ തുടങ്ങിയ സിനിമയുമായി ബന്ധപ്പെട്ട കീവേഡുകള്‍ ട്രെന്‍റിംഗാണ് എന്നാണ് ന്യൂസ് 18 കോം റിപ്പോര്‍ട്ട് പറയുന്നത്. പൈറസിക്കെതിരെ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.

മാര്‍ച്ചില്‍ ഈദിന് ഇറങ്ങിയ സല്‍മാന്‍ ചിത്രം സിക്കന്ദറിന്‍റെ എച്ച്ഡി പ്രിന്‍റ് ഇതുപോലെ റിലീസിന് മുന്‍പ് ചോര്‍ന്നിരുന്നു. ഇത് ചിത്രത്തിനെ ബാധിച്ചുവെന്നത് നിര്‍മ്മാതാക്കള്‍ അടക്കം പറയുകയും. ഇത് സിനിമ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 

അതേ സമയം ചിത്രം ആദ്യദിനത്തില്‍ ഇന്ത്യയില്‍ 8-9 കോടിയെങ്കിലും കളക്ഷന്‍ നേടുമെന്നാണ് ആദ്യ കണക്കുകള്‍ പറയുന്നത്.   മുൻകൂറായി വിറ്റത് 56,969 ടിക്കറ്റുകള്‍ ആണെന്നും നേടിയത് മൂന്ന് കോടി മാത്രമാണ് എന്നുമാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. അക്ഷയ്‍യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസാണ് ചിത്രം എന്നും ഇമോഷണലി കണക്റ്റ് ചെയ്യുന്നുണ്ട് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു.

കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയർ’ എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

മധുരമൂറുന്നൊരു കഥയുമായി ‘കേക്ക് സ്‌റ്റോറി’ നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

100 കോടി പടം ബോക്സോഫീസില്‍ 50 കോടിയായപ്പോള്‍ തന്നെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നായകന്‍ !

By admin