താരിഫിൽ ഇളവുണ്ടാകുമോ? ഇലോണ്‍ മസ്കിനെയും കുടുംബത്തെയും സന്ദർശിച്ച് നരേന്ദ്ര മോദി
വാഷിങ്ടൺ: ആഗോള തലത്തിൽ താരിഫ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ എലോൺ മസ്കിനെ സന്ദർശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി എലോൺ മസ്‌കുമായുള്ള കൂടിക്കാഴ്ച്ച നടത്തിയത്. മസ്കുമൊത്തുള്ള ഒരു ഫോട്ടോയും മോദി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയും- യുഎസും തമ്മിലുള്ള തീരുവയിലെ അതൃപ്തികൾ പരിഹരിക്കാനും വ്യാപാര കരാറിലേക്ക് ചേരാനും ശ്രമിക്കുന്ന നിർണായക സമയത്താണ് ഈ കൂടിക്കാഴ്ച്ച. സാങ്കേതികവിദ്യയിലും ഇന്നൊവേഷനുകളിലും ഇരു രാജ്യങ്ങളും സഹകരണത്തിനുള്ള സാധ്യതകൾ വരെ ചർച്ച ചെയ്തതായും മോദി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ വർഷം ഏപ്രിലിൽ മസ്ക് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ യാത്ര മാറ്റിവച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഏപ്രിൽ 21 മുതൽ 24 വരെ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളും നടന്നു വരികയാണ്.
ട്രംപിനെയും യുഎസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളെയും സന്ദർശിക്കാൻ പ്രധാനമന്ത്രി വാഷിംഗ്ടൺ ഡിസി സന്ദർശിച്ചപ്പോഴും മസ്കിനെ കണ്ടിരുന്നു. മസ്കിനൊപ്പം കുടുംബവും കുട്ടികളും ഉണ്ടായിരുന്നു.ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവയുടെ ഉടമയായ മസ്‌ക് യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ആന്റ് കോൺട്രവേർഷ്യൽ പ്രോഗ്രാം വകുപ്പിന്റെ മേധാവിയാണ്. ഡോണൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ മസ്കിന് അമേരിക്കയുടെ തീരുമാനങ്ങളിൽ വലിയ സ്വാധീനമുണ്ട്.