ഖത്തർ അമീറിന്റെ റഷ്യൻ സന്ദർശനം: രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി

ദോഹ: റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിന് ഊഷ്മള വരവേൽപ്പാണ് മോസ്‌കോയിൽ ലഭിച്ചത്. 2018 ലായിരുന്നു അമീറിന്റെ അവസാന റഷ്യൻ സന്ദർശനം. 

വ്യാഴാഴ്ച രാവിലെ മോസ്കോയിലെ നുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മതുറോവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നത സംഘം അമീറിനൊപ്പം റഷ്യൻ സന്ദർശനത്തിനെത്തിയിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരുനേതാക്കളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കും തുല്യ പങ്കാളിത്തമുള്ള 200 കോടി യൂറോയുടെ നിക്ഷേപ ഫണ്ടാണ് ഇതിൽ പ്രധാനം. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും റഷ്യയിലെ വിവിധ മേഖലകളിൽ ഈ ഫണ്ട് നിക്ഷേപിക്കും. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി. സിറിയ, ഇസ്രായേൽ-ഫലസ്തീൻ സംഘർഷം, യുക്രൈൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഗസ്സയിൽ സമാധാനത്തിന് ഖത്തർ ആത്മാർഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് പുടിൻ പ്രശംസിച്ചു. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച വലിയ ആഗോള ശ്രദ്ധയാണ് നേടിയത്.

read more: ഹൃദയാഘാതം, മലയാളി തീർത്ഥാടക മദീനയിൽ നിര്യാതയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin