കോംഗോ നദിയിൽ 500 പേരുമായി പോയ ബോട്ടിന് തീപിടിച്ചു, 143 പേർ മരിച്ചു, നിരവധി യാത്രക്കാരെ കാണാനില്ല
ദില്ലി: കോംഗോ നദിയിൽ ഇന്ധനം നിറച്ച ബോട്ടിന് തീപിടിച്ചതിനെ തുടർന്ന് 143 പേർ മരിക്കുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. കോംഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ബോട്ടിൽ അഞ്ഞൂറിലേറെപ്പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്ന് പാർലമെന്റ് അംഗം ജോസഫിൻ-പസിഫിക് ലോകുമു പറഞ്ഞു. ബുധനാഴ്ചയാണ് അപകടമുണ്ടായതെങ്കിലും വൈകിയാണ് പുറംലോകമറിഞ്ഞത്.
നദിക്കരയിൽ തിരച്ചിൽ, വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ അധികൃതരും പ്രാദേശിക സന്നദ്ധപ്രവർത്തകരും തുടരുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. കാണാതായവരുടെ ഔദ്യോഗിക പട്ടിക സർക്കാർ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എച്ച്ബി കൊംഗോളോ എന്ന് പേരിട്ടിരിക്കുന്ന തടിയുപയോഗിച്ച് നിർമിച്ച മോട്ടോര്‍ ബോട്ടിനാണ് തീപിടിച്ചത്. മതന്‍കുമു തുറമുഖം വിട്ട് ബൊലോംബ പ്രദേശത്തേക്ക് പോകവെയായിരുന്നു അപകടം. ബോട്ടില്‍ പാചകം ചെയ്യുന്നതിനിടെ തീ ആളിപ്പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ നദിയിലേക്ക് ചാടിയതായും റിപ്പോർട്ടുണ്ട്.