ഗാസ: ഗാസയിൽ താമസിക്കുന്ന യുവ ഫോട്ടോ ജേണലിസ്റ്റായ ഫാത്തിമ ഹസ്സൂനയ്ക്ക് മരണം എപ്പോഴും തന്റെ പടിവാതിൽക്കൽ ഉണ്ടെന്ന് അറിയാമായിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതും സ്വന്തം വീട് തകർക്കപ്പെട്ടതുമെല്ലാം ഫാത്തിമയുടെ കണ്മുന്നിലായിരുന്നു. യുദ്ധത്തിന്റെ ഭീകരത നേരിട്ടറിഞ്ഞ ഫാത്തിമ ആഗ്രഹിച്ചത് താൻ ആരുമറിയാതെ മരിച്ചു പോകരുത് എന്നാണ്. ആ 25കാരി കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
“എന്റെ മരണം എല്ലാവരും അറിയണം. വെറുമൊരു ബ്രേക്കിംഗ് ന്യൂസോ ഒരക്കമോ മാത്രമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം അറിയുന്ന മരണമായിരിക്കണം അത്. കാലത്തിനോ സ്ഥലത്തിനോ കുഴിച്ചുമൂടാൻ കഴിയാത്ത കാലാതീതമായ ഒന്നായിരിക്കണം. എന്റെ മരണത്തിന്റെ ആഘാതം എന്നും നിലനിൽക്കണം”- എന്ന് ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇസ്രയേലി വ്യോമാക്രമണത്തിൽ ഫാത്തിമ കൊല്ലപ്പെട്ടത്. ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെ ഫാത്തിമയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററി ഫ്രാൻസിലെ സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമാണ് ഫാത്തിമ കൊല്ലപ്പെടുന്നത്.
ഇറാനിയൻ സംവിധായിക സെപിദേ ഫാർസിയാണ് ഫാത്തിമയെ കുറിച്ചുള്ള ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’ എന്ന ഡോക്യുമെന്ററി എടുത്തത്. ഫാത്തിമയും ഫാർസിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ഗാസയുടെയും പലസ്തീനികളുടെയും ദുരിതമാണ് ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്.
“അവളുടെ കണ്ണീരും പ്രതീക്ഷകളും ചിരിയും സങ്കടങ്ങളുമാണ് ഞാൻ ചിത്രീകരിച്ചത്. അവൾ കഴിവുറ്റവളായിരുന്നു. ആ ഡോക്യുമെന്ററി കാണുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും. സിനിമ ചലച്ചിത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ടത് പറയാൻ ഏതാനും മണിക്കൂർ മുൻപ് ഞാനവളെ വിളിച്ചിരുന്നു”- സെപിദേ ഫാർസി അനുസ്മരിച്ചു.
സഹപ്രവർത്തകരും ഫാത്തിമയെന്ന ഫോട്ടോ ജേണലിസ്റ്റിന്റെ ധൈര്യത്തെ കുറിച്ച് വാതോരാതെ പറഞ്ഞു. ബോംബുകൾക്കും വെടിവെയ്പ്പിനും ഇടയിൽ, ഫാത്തിമ തന്റെ ലെൻസിലൂടെ കൂട്ടക്കൊലകളും ജനങ്ങളുടെ വേദനയും നിലവിളികളും പകർത്തിയെന്ന് അൽ ജസീറ റിപ്പോർട്ടർ അനസ് അൽ-ഷരീഫ് പറഞ്ഞു.
പത്തിലേറെ കെഎഫ്സി ഔട്ട്ലെറ്റുകൾക്ക് നേരെ ആക്രമണം; പാകിസ്ഥാനിൽ 178 പേർ അറസ്റ്റിൽ