കരിമ്പിൻ ജ്യൂസ് കുടിക്കാനെത്തിയത് കൊച്ചുകടയിൽ, നല്ല വൃത്തി, അടിപൊളി സർവീസ്, ഗൂഗിൾ മാപ്പിൽ ചേർത്ത് യുവതി
നമ്മൾ ചെയ്യുന്ന ചെറുത് എന്ന് തോന്നുന്ന ചില കാര്യങ്ങൾ മറ്റ് ചിലർക്ക് ചിലപ്പോൾ വലിയ കാര്യമായിരിക്കും. മാത്രമല്ല, ജീവിതത്തിൽ അതവരെ തുണച്ചു എന്നുമിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി ആ പ്രദേശത്തുള്ള ഒരു സ്ത്രീ നടത്തുന്ന കരിമ്പിൻ ജ്യൂസ് കട ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തു.
ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്യുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും അവർ പങ്കുവച്ചിട്ടുണ്ട്. അതുവഴി അവർക്ക് കച്ചവടം മെച്ചപ്പെടും എന്നാണ് കരുതുന്നത്. ബനശങ്കരിയിലാണ് ലത എന്ന സ്ത്രീ ഒരു ചെറിയ കരിമ്പിൻ ജ്യൂസിന്റെ കട നടത്തുന്നത്. അവിടെ എത്തിയ യുവതിയാണ് ഇവരെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
അവിടെ ലത തന്നെ എങ്ങനെയാണ് പരിഗണിച്ചത് എന്നും കടയിലെ വൃത്തിയെ കുറിച്ചും എല്ലാം യുവതിയുടെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് എപ്പോൾ വരികയാണെങ്കിലും ഈ കരിമ്പിൻ ജ്യൂസിന്റെ കട സന്ദർശിക്കൂ എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്. ലതയുടേത് മനോഹരമായ പെരുമാറ്റമാണ്. കടയും പരിസരവും നല്ല വൃത്തിയുള്ളതാണ്. മെഷീനിലോ ഗ്ലാസിലോ ഒറ്റപ്രാണി പോലും ഇല്ല. ലതയോടുള്ള നന്ദി സൂചകമായി അവരുടെ ബിസിനസ് ഗൂഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട് എന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു.
Please visit this sugarcane shop anytime you are in the area. Run by the sweetest, most hospitable lady – Latha. Keeps the premises super clean, no flies covering the machine or glasses.
My way of thanking her…also added her business to Google maps. #Banashankari pic.twitter.com/HQo05XyxXC— Poornima Prabhu (@reader_wanderer) April 17, 2025
കരിമ്പിൻ ജ്യൂസ് വിൽക്കുന്നത് കൂടാതെ എല്ലാ ദിവസവും വൈകുന്നേരം നാല് മണി മുതൽ അടുത്തുള്ള ചെറിയ ഹോട്ടലുകൾക്കും ആളുകൾക്കും ദോശ, ഇഡലി മാവും ഇവർ നൽകുമെന്നും പോസ്റ്റിൽ പറയുന്നു. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഈ കരിമ്പിൻ ജ്യൂസിന്റെ കട പ്രവർത്തിക്കുന്നത്.
നിരവധിപ്പേരാണ് ഇങ്ങനെയൊരു കാര്യം ചെയ്തതിന് പൂർണിമ പ്രഭുവിനെ അഭിനന്ദിച്ചിരിക്കുന്നത്.