കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്
ഭുവനേശ്വർ: ഒഡീഷയിൽ കൈക്കൂലി വാങ്ങിയ തഹസിൽദാര്‍ അറസ്റ്റിൽ. സംബൽപൂർ ജില്ലയിലെ മാനേശ്വർ അഡീഷണൽ തഹസിൽദാറിനെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒരു ചെറിയ ഭാഗം കൃഷിഭൂമി വീട്ടുപറമ്പായി മാറ്റുന്നതിന് 6,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. മാനേശ്വര്‍ അഡീഷണൽ തഹസിൽദാർ ഭുവനാനന്ദ സാഹുവിൽ നിന്ന് കൈക്കൂലി വാങ്ങിയ മുഴുവൻ തുകയും വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഒഡീഷ റവന്യൂ സർവീസ് (ORS) ഉദ്യോഗസ്ഥനായ ഭുവനാനന്ദ സാഹു, ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമി കാർഷികേതര (വീട്ടുപറമ്പ്) ആവശ്യത്തിനായി മാറ്റുന്നതിനും അനുകൂലമായി ഭൂമിയുടെ രേഖകൾ (ROR) നൽകുന്നതിനും 10,000 രൂപ ആകെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.
കൈക്കൂലി നൽകിയില്ലെങ്കിൽ ആവശ്യപ്പെട്ട കാര്യം നടക്കില്ലെന്ന് ഭുവനാനന്ദ സാഹു ഭീഷണിപ്പെടുത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഒരുക്കിയ കെണിയിൽ, ശനിയാഴ്ച ഓഫീസിൽ വെച്ച് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭുവനാനന്ദ സാഹുവിനെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. അഴിമതി നിരോധന (ഭേദഗതി) നിയമം, 2018 പ്രകാരം ഭുവനാനന്ദ സാഹുവിനെതിരെ കേസെടുത്തു.