ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ച് നിക്കോളാസ് പുരാന്‍! ജയ്‌സ്വാളും ബട്‌ലറും ആദ്യ അഞ്ചില്‍

ജയ്പൂര്‍: ഐപിഎല്‍ പതിനെട്ടാം സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപടിച്ച് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 റണ്‍സിന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ്പ് തിരിച്ചെടുക്കാന്‍ അത്രയും മതിയായിരുന്നു. നേരത്തെ, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 36 റണ്‍സ് നേടിയതോടെ സായ് സുദര്‍ശന്‍ ഒന്നാമത് എത്തിയിരുന്നു. ഇരുവരും തമ്മില്‍ മൂന്ന് റണ്‍സ് വ്യത്യാസം മാത്രമാണുള്ളത്. പുരാന്റെ അക്കൗണ്ടില്‍ 368 റണ്‍സുണ്ട്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഏഴ് മത്സരങ്ങള്‍ കളിച്ച സായ് 365 റണ്‍സ് നേടി. 

ഡല്‍ഹിക്കെതിരെ പുറത്താവാതെ നേടിയ 97 റണ്‍സോടെ ജോസ് ബട്‌ലര്‍ മൂന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ 315 റണ്‍സാണ് ബട്‌ലര്‍ നേടിയത്. പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇന്ന് ലക്‌നൗവിനെതിരെ നേടിയ 74 റണ്‍സാണ് ജയ്‌സ്വാളിനെ ആദ്യ അഞ്ചിലെത്തിച്ചത്. എട്ട് മത്സരങ്ങളില്‍ നിന്ന് 305 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ജയ്‌സ്വാളിന്റെ ലക്‌നൗവിന്റെ മിച്ചല്‍ മാര്‍ഷ് അഞ്ചാമതായി. ഏഴ് മത്സരം കളിച്ച താരം 299 റണ്‍സ് നേടി. ഇന്ന് രാജസ്ഥാനെതിരെ നാല് റണ്‍സിന് മാര്‍ഷ് പുറത്തായിരുന്നു. ലക്‌നൗവിന്റെ തന്നെ എയ്ഡന്‍ മാര്‍ക്രം ആറാം സ്ഥാനത്തുണ്ട്. 

രാജസ്ഥാനെതിരെ 66 റണ്‍സ് അടിച്ചെടുത്തതാണ് ഗുണമായത്. എട്ട് മത്സങ്ങളില്‍ 274 റണ്‍സാണ് സമ്പാദ്യം. കെ എല്‍ രാഹുല്‍ (266), സൂര്യകുമാര്‍ യാദവ് (265), ശ്രേയസ് അയ്യര്‍ (257), വിരാട് കോലി (249) എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സെടുത്ത സഞ്ജു സാംസണ്‍ 15-ാം സ്ഥാനത്താണ്.

അതേസമയം, ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് റണ്‍സിന്റെ തോല്‍വി. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ലക്‌നൌവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.  52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിരുന്നു.

ഐപിഎല്ലില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14കാരന്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) മികച്ച പ്രകടനം പുറത്തെടുത്തു. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു.

 

By admin