ഒരു അര്‍ധ സെഞ്ചുറി പോലുമില്ല! എന്നിട്ടും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200ലധികം റണ്‍സ് അടിച്ചെടുത്ത് ഡല്‍ഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 204 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലാണ് (32 പന്തില്‍ 39) ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഷുതോഷ് ശര്‍മ (19 പന്തില്‍ 37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28), കരുണ്‍ നായര്‍ (18 പന്തില്‍ 31) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ താരം അര്‍ഷദിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി. പിന്നാലെ രാഹുല്‍  – കരുണ്‍ സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. ഒരു സിക്‌സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

തുടര്‍ന്ന് കരുണിനൊപ്പം ചേര്‍ന്ന അക്‌സര്‍ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അര്‍ഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്‌സും നിര്‍ണായക സംഭാവന നല്‍കി. 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്‌സര്‍ – സ്റ്റബ്‌സ് സഖ്യം കൂട്ടിചേര്‍ത്തത്.  21  പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് 15-ാം ഓവറില്‍ മടങ്ങി. സിറാജിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്‌സറും പവലിയനില്‍ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറില്‍ അഷുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു. 

‘ഹൈദരാബാദിനെതിരെ കൃത്യമായ പദ്ധതികളുണ്ടായിരുന്നു’; മുംബൈ ബൗളര്‍മാരെ വാഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് പുറത്തായി.ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവന്‍: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, രവി ശ്രീനിവാസന്‍ സായ് കിഷോര്‍, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: അഭിഷേക് പോറല്‍, കരുണ് നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍(സി), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ്മ, മുകേഷ് കുമാര്‍.

By admin