ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്, വിജയം തുടരാന്‍ ഡല്‍ഹി; ഐപിഎല്ലില്‍ ഇന്ന് ടോപ് ക്ലാസ് പോരാട്ടം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. സൂപ്പർ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന ആത്മവിശ്വസാത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്തിനെതിരെ എവേ മത്സരത്തിനിറങ്ങുന്നത്. അതേസമയം, ലക്നൗവിനോട് അവസാന ഓവറില്‍ തോല്‍വി സമ്മതിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ജയിച്ചാല്‍ ഡല്‍ഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷയിലാണ്.
ആറ് മത്സരങ്ങളില്‍ ഡല്‍ഹി ഇതുവരെ തോറ്റത് ഒരെണ്ണം മാത്രം. ഗുജറാത്ത് രണ്ട് മത്സരത്തിലും തോറ്റു. ഫിയര്‍ലെസ് ക്രിക്കറ്റ് കളിച്ച് ഓള്‍റൗണ്ട് മികവില്‍ മുന്നേറുകയാണ് ഡല്‍ഹി. കരുണ്‍ നായരുടെ വെടിക്കെട്ടിന് കെ.എല്‍.രാഹുലിന്‍റെയും സ്റ്റബ്സിന്‍റെയും അക്സറിന്‍റെയും ക്ലാസിക് ഫിനിഷ് കൂടി കിട്ടിയാല്‍ ഡല്‍ഹി സ്കോര്‍ പറക്കും. പക്ഷേ, സിറാജും പ്രസിദ്ധ് കൃഷ്ണയുമുള്‍പ്പെടുന്ന ഗുജറാത്ത് ബോളര്‍മാരെ കരുതിയേ പറ്റൂ ക്യാപിറ്റൽസ്.
അഞ്ചാം ജയം, പോയന്‍റ് പട്ടികയില്‍ കുതിച്ച് പഞ്ചാബ്, മൂന്നാം തോല്‍വിയോടെ ആര്‍സിബി താഴേക്ക്
ഫോമിലുള്ള സിറാജ് കരുണ്‍ നായര്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പ്. പക്ഷേ, തകര്‍പ്പന്‍ ഫോമിലുള്ള കെ.എൽ.രാഹുല്‍ ടൈറ്റന്‍സിനും വെല്ലുവിളിയാകും. ബാറ്റിങ്ങില്‍ ഓപ്പണങ്ങില്‍ സായ് സുദര്‍ശന്‍, ഗില്‍ സഖ്യവും വണ്‍ഡൗണായി ഇറങ്ങുന്ന ജോസ് ബട്‌ലറുമാണ് ഗുജറാത്തിന്‍റെ പ്രതീക്ഷ. ആറ് മത്സരങ്ങളില്‍ നിന്ന് 329 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ മികച്ച റണ്‍വേട്ട നടത്തിയാല്‍ ഗുജറാത്ത് കുതിക്കും.
വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ
പക്ഷേ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പെര്‍ഫെക്ട് യോര്‍ക്കറുകള്‍ അതിജീവിച്ചാലെ ഏത് സ്റ്റാര്‍ ബാറ്റര്‍ക്കും മുന്നേറാനാകൂ. ഒപ്പം സ്പിന്‍ കരുത്തുമായി കുല്‍ദീപും നായകന്‍ അക്സറുമുണ്ട്. മത്സരം പുരോഗമിക്കുന്തോറും സ്പിന്നിന് അനുകുലമാകുന്ന പിച്ചില്‍ ആദ്യം ബാറ്റിങ്ങെടുത്ത് വന്‍ സ്കോര്‍ ഉയര്‍ത്താനാകും ടീമുകളുടെ ശ്രമം. പരസ്പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയം ഗുജറാത്തിന്‍റെ കൂടെ നിന്നു.