ആലപ്പുഴ ജിംഖാന പീക്കിൽ എത്തുന്ന മൊമെൻ്റുണ്ട്. നസ്‌ലെൻ ഉൾപ്പെടെയുള്ളവർ ഇടികിട്ടി രണ്ടാം പകുതിയിലെ സീനുകൾ പതിഞ്ഞങ്ങനെ പോകുമ്പോൾ നാലാമനായി ഫ്രാങ്കോയുടെ ഷിഫാസ് അലി ആക്കാ ചെറുത് ബോക്സിങ് റിങ്ങിൽ കയറുകയാണ്. ഒരു മാറ്റവുമില്ലാതെ ഇവനും ഇടിമേടിച്ച് കുട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ആ മൊത്തം ബോക്സിങ് സീനുകൾക്കും മുകളിൽ വയ്ക്കാൻ ഷിഫാസിൻ്റെ ഫൈറ്റ് വരുന്നത്. ആലപ്പുഴ ജിംഖാനയിൽ തിയേറ്റർ മുഴുവൻ കൈയ്യടിച്ച മറ്റൊരു സീനുണ്ടായിട്ടില്ല.
രണ്ട് ഷിഫാസ് അലിമാരുണ്ട് കഥയിൽ. കാണാൻ വലുപ്പം കുറഞ്ഞ ഷിഫാസിനെ അവർ ചെറുതെന്ന് വിളുക്കുന്നു. വളരെ സാധാരണമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള അയാൾ അച്ഛനൊപ്പം പഠനത്തിൻ്റെ ഇടവേളകളിൽ ഇറച്ചി വെട്ടുകടയിൽ ജോലിചെയ്യുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെപ്പോലെ ഒത്തൊരു ഫീസിക്കോ വലിയൊരു ബിൽഡപ്പോ കൊടുത്തല്ല സംവിധായകൻ ഷിഫാസ് അലിയെ പരിചയപ്പെടുത്തുന്നത്.
ഓരോരുത്തരുടെ ഫൈറ്റ് ഇങ്ങനെ കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. കാർത്തിക്, സന്ദീപ്, നായകൻ നസ്ലെൻ ഉൾപ്പെടെ ഇടിമേടിച്ച് കൂട്ടുന്നത് പ്രേക്ഷകർ ഇങ്ങനെ കണ്ടിരിക്കുകയാണ്. ഇതെന്താണ് പരിപാടി എന്ന് മനസിലാകുന്നില്ല.. നസ്‌ലെൻ ഇടി മേടിച്ച് കൂട്ടിയ സ്ഥിതിക്ക് ഈ കൂട്ടത്തിലൊരാൾ ഇടിച്ചിടുമെന്ന പ്രതീക്ഷയുണ്ട് പ്രേക്ഷകന്. പക്ഷേ അപ്പോഴും അത് ഫ്രാങ്കോയുടെ ഷിഫാസ് അലിയാണെന്ന് പ്രതീക്ഷിക്കുന്നില്ല.
ഒന്നുരണ്ട് പഞ്ചുകൾ ഏറ്റുവാങ്ങുന്ന ചെറുത് പെട്ടെന്ന് കലക്കൻ മൂവ്സ് നടത്തുകയാണ്. ഗെസ്റ്റ് റോളിലുള്ള ഷൈൻ ടോമിൻ്റെ റഫറി കഥാപാത്രത്തിൻ്റെ മുഖത്തുള്ള അതേ അമ്പരപ്പാണ് പ്രേക്ഷകൻ്റെ കണ്ണിലും. അയാൾ ഓപ്പോസിറ്റ് നിൽക്കുന്ന ബോക്സറെ ഇടിച്ചിടുന്ന മൊമെൻ്റ് ആണ് ജിംഖാനയിൽ പ്രേക്ഷകർക്ക് ഏറ്റവും ഹൈ തരുന്ന മൊമെൻ്റ്. പ്രേക്ഷകരുൾപ്പെടെ ചെറുതെന്ന് വിളിച്ചിരുന്ന അവൻ വിജയത്തിന് ശേഷം സുഹൃത്ത് ഷിഫാസിനെ നോക്കി പറയുന്ന ഡയലോഗ് ഉണ്ട്. “ഇപ്പോ നിനക്ക് മനസിലായോ ആരാ ചെറുത് വലുതെന്ന്…?” അതുവന്നു കൊള്ളുന്നത് കൊള്ളുന്നത് കണ്ടിരുന്ന നമ്മുടെ ചങ്കിൽ കൂടിയാണ്.
ഏറെ ചിരിക്കാമെങ്കിലും പ്രേക്ഷകന് കാര്യമായി ടേക്ക് എവേ ഒന്നുമില്ലാത്ത സിനിമയാണ് ഖാലിദ് റഹ്മാൻ്റെ ആലപ്പുഴ ജിംഖാന. സംവിധായകൻ തന്നെ പറഞ്ഞതുപോലെ പ്ല്സ് ടു വിദ്യാർഥികൾ കോളേജ് അഡ്മിഷനായി ബോക്സിങ് പഠിക്കുന്നതും അതിനോട് ചുറ്റിപറ്റിയുള്ള രസമുള്ളൊരു കഥ. പക്ഷേ ഫ്രാങ്കോ ഫ്രാൻസിസിൻ്റെ ചെറുതിനെ പ്രേക്ഷകർ അങ്ങനെ മറക്കാനിടയില്ല.
ഇനി അല്പം ഫ്ലാഷ്ബാക്കിലേയ്ക്ക് പോകണം- 2019ലേയ്ക്ക്. സിനിമാമോഹവുമായി ഒരുപാട് ഓഡീഷനുകൾക്ക് പോയി നടപ്പാക്കാതെ വന്നപ്പോൾ വിട്ടുകാർ അബുദാബിയിലെ ബന്ധുവിനടുത്തേയ്ക്ക് ജോലിയ്ക്കായി നാടുകടത്താനൊരുങ്ങിയതാണ് ഫ്രാങ്കോയെ. മനസ്സില്ലാ മനസ്സോടെ പോകാൻ സമ്മതിച്ചു. വിസയും ടിക്കറ്റും വന്നു യാത്രയ്ക്ക് ഒരുങ്ങിയിരിക്കെ കൃത്യം രണ്ടു ദിവസം മുമ്പ് വിളിവന്നു, തണ്ണീർമത്തൻ ദിനങ്ങളിലേയ്ക്ക്.. ടിക്കറ്റ് ക്യാൻസൽ ചെയ്യണമെങ്കിൽ 48 മണിക്കൂർ മുന്നേ ചെയ്യണം. ഏറെ ആഗ്രഹിച്ച സിനിമ വേണോ, അതോ അബുദാബിയിൽ പോണോ… ആ 48 മണിക്കൂറിൽ ഫ്രാങ്കോ എടുത്ത തീരുമാനമാണ് ഇന്ന് മലയാള സിനിമയുടെ 2025 വിഷു വിന്നറായ ആലപ്പുഴ ജിംഖാനയിൽ എത്തി നിൽക്കുന്നത്. എല്ലാവരെയും വെറുപ്പിച്ച് സിനിമ തെരഞ്ഞെടുത്തപ്പോൾ കൂടെനിന്ന അന്തോണീസ് പുണ്യാളന് നന്ദി പറഞ്ഞ് ഫ്രാങ്കോ തന്നെയാണ് 2019ൽ തണ്ണീർമത്തൻ്റെ റിലീസിന് മുമ്പ് ഈ കഥ ഫേസ്ബുക്കിൽ കുറിച്ചത്.
തണ്ണീർമത്തനിൽ ചിരിപ്പിച്ച് തുടങ്ങിയ ഫ്രാങ്കോ ജിംഖാനയിൽ തന്നത് വേറെ ലെവൽ രോമാഞ്ചം. ആദ്യ സിനിമയ്ക്ക് ശേഷം ഫ്രാങ്കോയ്ക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല. ആണും പെണ്ണും, അജഗജാന്തരം, 19(1)എ, നാലാം മുറ, ലൗഫുള്ളി യുവേഴ്സ് വേദ, കൊറോണ പേപ്പേഴ്സ്, പെരുമാനി, ജിംഖാനവരെയുള്ള സിനിമകൾ. “എന്നും നന്ദിയോടെ ഞാൻ നിങ്ങൾക്ക് മുന്നിൽ ജീവിച്ചുകാണിക്കും.” എന്ന് കൂടി കുറിച്ചാണ് ഫ്രാങ്കോ ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജിംഖാനയിൽ ഷിഫാസിന് കിട്ടിയ കൈയ്യടി ഫ്രാങ്കോയ്ക്ക് കിട്ടിയ കൈയ്യടികൂടിയാണ്.