Malayalam Poem: കല്ലുടയ്ക്കും കവികള്‍, രാജന്‍ സി എച്ച് എഴുതിയ കവിത

Malayalam Poem: കല്ലുടയ്ക്കും കവികള്‍, രാജന്‍ സി എച്ച് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Malayalam Poem: കല്ലുടയ്ക്കും കവികള്‍, രാജന്‍ സി എച്ച് എഴുതിയ കവിത

കല്ലുടയ്ക്കും കവികള്‍

കല്ലുകളെക്കുറിച്ച്
അനേകം കവികളെഴുതിയിട്ടുണ്ട്,
കവിതകള്‍.

കുറേയെണ്ണമെങ്കിലും
ഞാന്‍ വായിച്ചിട്ടുണ്ട്.

വായിച്ചവയിലത്രയും
കല്ലുകളെയെന്നെഴുതിയതൊക്കെയും
മനുഷ്യരെക്കുറിച്ചാണ്.

മനുഷ്യരെ കല്ലുകളാക്കുന്ന
വാക്കുകളുടെ തിരഞ്ഞെടുപ്പില്‍
സാക്ഷാത്കൃതരാകുന്നുണ്ട്
ഏറിയ കവികളും.

എന്നാല്‍ കല്ലുകളെ കല്ലുകളാക്കാനുള്ള
വാക്കുകളോ ഭാഷ പോലുമോ
അന്യമായിത്തീരുന്നു.

മനുഷ്യരെ സംബന്ധിച്ചിടത്തോളം
അന്യമാകുകയില്ല
ഒരു കല്ലും.

മനുഷ്യനെ അന്വയിക്കാന്‍
കല്ലിനോളം സ്വീകാര്യമായ
ഒരു ബിംബവും
കാണുകയില്ല വേറെ.

ദൈവം മനുഷ്യനാവാത്തിടത്തോളം
കല്ലാണ്.
ഹൃദയം മാനുഷികമാകാത്തിടത്തോളം
കല്ലാണ്.

വിദ്വേഷം മൂര്‍ച്ചയേറിയ കല്ലാണ്.
എന്നാല്‍ കല്ലാകുമ്പോള്‍
എല്ലാം സാധാരണമാണ്.

പള്ളിയ്ക്കുള്ളിലെ അമ്പലങ്ങളും
അമ്പലങ്ങള്‍ക്കുള്ളിലെ പള്ളികളും
കല്ലാണ്.

വിശ്വാസം അവിശ്വസിക്കേണ്ട
കല്ലാണ്.
ചരിത്രം മണ്ണടിയിലാണ്ട
കല്ലാണ്.
പാപികളെ പാപം ചെയ്യാത്തവര്‍
എറിയാനുള്ളതും കല്ലാണ്.

കല്ലിനുള്ളിലുറപൊട്ടും ജലമാണ്
കല്ലിനേക്കാള്‍ വിശുദ്ധമായ ജലം.
കല്ലു പോലുറച്ചിരിക്കുക
എന്നതാണ് രാഷ്ട്രീയം.

കല്ലില്‍ കൊത്തിവെക്കുന്നതാണ് ഭൗതികം.
കല്ലലിയുന്നതാണ് ആത്മീയം.

കല്ലിന്മേല്‍ കല്ലു വെച്ചു 
പടുത്തുയര്‍ത്തുന്നതാവും
എല്ലാ പുരോഗതിയും.
അതിന്നിടയില്‍പ്പെടും മനുഷ്യരില്ലെങ്കിലില്ല
ഒരു വികസനവും.

പറ്റിക്കപ്പെടാനാവാത്ത
മാനുഷികതയാണ്
കല്ല്.
അലിയുകില്ലത്.

കല്ലിനോളം കവിതയായെന്തുണ്ട്?
എന്നാല്‍ കല്ല് വാക്കാകുകയില്ല.
വാക്കിലൊതുങ്ങില്ല
ഒരു കല്ലും.

ഏതു കല്ലും സൗഹൃദത്താല്‍
മനുഷ്യനാകും.
മനുഷ്യരെ കല്ലുകളെന്ന്
അടുക്കിയടുക്കി വെക്കുന്നതാണ്
ഓരോ രാഷ്ട്രവും.
മനുഷ്യരില്ലെങ്കില്‍
കല്ലിനെന്തു വില?

കല്ലാകുന്നത്
മനുഷ്യരാകുന്നത്
അതിനാല്‍ സ്വാഭാവികം
കവിതയില്‍.

കല്ലുടയ്ക്കുകയല്ലേ
കവികള്‍?

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…

By admin