8 മാസം ഗർഭിണിയായിരുന്നു, തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് ചാറ്റ്ജിപിടി, നന്ദിയുണ്ടെന്ന് യുവതി
നമ്മൾ പലപ്പോഴും പല രോഗലക്ഷണങ്ങളും അവഗണിക്കാറാണ് പതിവ്. ചിലപ്പോഴൊക്കെ സ്വയം ചികിത്സയും പരീക്ഷിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഗൂഗിളിൽ തിരയുകയും ചാറ്റ്ജിപിടിയോട് ചോദിക്കുകയും ചെയ്യുന്നതും. എന്നാൽ, അതിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാകണം എന്നില്ല. അതേസമയം ചിലതൊക്കെ ശരിയായി വരാറുമുണ്ട്. അത്തരത്തിൽ ഒരനുഭവമാണ് അമേരിക്കയിൽ നിന്നുള്ള ഈ യുവതിക്കും ഉണ്ടായത്. എഐ ചാറ്റ്ബോട്ടാണ് തന്റെ ജീവൻ രക്ഷിച്ചത് എന്നാണ് യുവതി പറയുന്നത്.
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ താമസിക്കുന്ന ഫോട്ടോഗ്രാഫറായ നതാലിയ ടാരിയൻ ആണ് താൻ വെറും തമാശയ്ക്ക് ഒരു ചോദ്യം ചാറ്റ്ജിപിടിയോട് ചോദിച്ചത്, ചാറ്റ്ബോട്ടിന്റെ നിർബന്ധപ്രകാരം ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലാണ് അവർ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
ഈ സംഭവം നടക്കുമ്പോൾ നതാലിയ എട്ട് മാസം ഗർഭിണിയായിരുന്നു. രണ്ട് ജീവനുകൾ രക്ഷിച്ചതിന് ചാറ്റ്ജിപിടിയോട് നന്ദി എന്നാണ് നതാലിയ പറയുന്നത്. നതാലിയ ചാറ്റ്ജിപിടിയോട് തമാശയ്ക്ക് ചോദിച്ച ചോദ്യം ഇതായിരുന്നു: എന്തുകൊണ്ടാണ് തന്റെ താടിയെല്ല് ഇങ്ങനെ ടൈറ്റായിരിക്കുന്നത്. OpenAI യുടെ ചാറ്റ്ബോട്ട് അതിനുള്ള മറുപടിയും അവൾക്ക് നൽകി.
എത്രയും പെട്ടെന്ന് ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാനായിരുന്നു ചാറ്റ്ബോട്ട് അവളോട് ആവശ്യപ്പെട്ടത്. സാധാരണ നമ്മളൊക്കെ ഇത് അവഗണിക്കാനാണ് സാധ്യത കൂടുതൽ അല്ലേ? എന്നാൽ നതാലിയ അപ്പോൾ തന്നെ വീട്ടിൽവച്ച് ബ്ലഡ് പ്രഷർ പരിശോധിച്ചു. അത് വളരെ കൂടുതലായിരുന്നു. അത് കുറയും എന്ന് കരുതി കാത്തിരുന്നെങ്കിലും കുറഞ്ഞില്ല. ചാറ്റ്ബോട്ട് അവളോട് പറഞ്ഞത് എത്രയും പെട്ടെന്ന് ഒരു ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്താനാണത്രെ.
അങ്ങനെ അവൾ ആശുപത്രിയിലെത്തി. 200/146 ആയിരുന്നു അവളുടെ ബിപി. എത്രയും പെട്ടെന്ന് പ്രസവം നടക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ അവൾ തന്റെ കുഞ്ഞിന് ജന്മം നൽകി. അന്ന് ഡോക്ടർമാർ അവളോട് പറഞ്ഞത്, ആ ദിവസം വീട്ടിൽ കിടന്ന് ഉറങ്ങിയിരുന്നുവെങ്കിൽ ഒരിക്കലും അവൾ പിന്നെ ഉണരില്ലായിരുന്നു എന്നാണത്രെ.
തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിന് ചാറ്റ്ജിപിടിയോട് നന്ദി പറയുകയാണ് ഇപ്പോൾ നതാലിയ.
4 കൊല്ലം പ്രണയിച്ചു, പറഞ്ഞതെല്ലാം കള്ളം, കാമുകി 27 -കാരിയല്ല 48 -കാരിയെന്നറിഞ്ഞ് ഞെട്ടി യുവാവ്..!