16 കളികളില്‍ പരാജയം, ഇനിയുമെത്രനാള്‍! മാക്‌സ്‌വെല്‍ മാനിയ അവസാന ലാപ്പിലോ?

അയാള്‍ ക്രീസിലേക്ക് നടന്നെത്തിയാല്‍ ഏതൊരു വിജയലക്ഷ്യവും അനായാസം വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു ഐപിഎല്‍ കാലമുണ്ടായിരുന്നു. ശരാശരിക്കോളവും സ്ട്രൈക്ക് റേറ്റും ഏതൊരു ട്വന്റി 20 ടീമും കൊതിക്കുന്നത്. ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സുമൊക്കെ ഗ്യാലറികളെ ത്രസിപ്പിച്ചിരുന്ന കാലത്ത് അതേ ഡോസില്‍ ബാറ്റേന്തിയ താരം, ഗ്ലെൻ മാക്‌സ്‌വെല്‍. മേല്‍പ്പറഞ്ഞ വിശേഷണങ്ങള്‍ക്ക് പരിചിതമില്ലാത്ത മാക്‌സ്‌വെല്ലിനെയാണ് 2024 മുതല്‍ ഐപിഎല്‍ കാണുന്നത്. 

പ്രതാപകാലത്തിന്റെ നിമിഷങ്ങളുടെ സെക്കൻഡുകള്‍ പോലും ദൃശ്യമാകാത്ത ഇന്നിങ്സുകള്‍. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജഴ്സിയില്‍ നിറഞ്ഞാടിയ 2024 സീസണില്‍ 10 കളികളിലായിരുന്നു മാക്‌സ്‌വെല്‍ കളത്തിലെത്തിയത്. എത്ര റണ്‍സ് എടുത്തുവെന്ന് ചോദിച്ചാല്‍ 52 റണ്‍സ് മാത്രം. ആദ്യ ആറ് ഇന്നിങ്സുകളില്‍ നിന്ന് 32 റണ്‍സ് നേടിയിരിക്കെ സീസണ്‍ ബ്രേക്ക് പോലും മാക്‌സ്‌വെല്‍ എടുത്തു.

തിരിച്ചെത്തിയിട്ടും കാര്യമുണ്ടായില്ല. ബെംഗളൂരുവിന്റെ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബാംഗര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കാം. മാക്‌സ്‌വെല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അദ്ദേഹത്തിന്റെ സ്ഥിരത, ഇതെല്ലാം മനസിലാക്കാൻ പ്രയാസമാണ്. ബാംഗറുടെ നിരീക്ഷണം ശരിവെക്കുന്നതാണ് ഈ സീസണിലെ ഓസീസ് താരത്തിന്റെ പ്രകടനവും. 

തന്റെ മുൻടീമായ പഞ്ചാബ് കിംഗ്സിലേക്ക് 4.2 കോടി രൂപയ്ക്കൊയിരുന്നു മാക്‌സ്‌വെല്‍ എത്തിയത്. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 41 റണ്‍സ്. ശരാശരി പത്തിനും താഴെയാണ്. സ്ട്രൈക്ക് റേറ്റ് നൂറും. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഡക്കായായിരുന്നു തുടക്കം. സായ് കിഷോറിനെതിരെ ആദ്യ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചതായിരുന്നു വിനയായത്.

ബെംഗളൂരു ജഴ്സിയില്‍ സ്പിൻ ബാഷറായി പേരെടുത്ത മാക്‌സ്‌വെലിനെ സീസണില്‍ നാല് തവണയും ഡഗൗട്ടിലേക്ക് മടക്കിയത് സ്പിന്നര്‍മാരാണ്. സ്പിന്നിനെ ആക്രമിച്ചു കളിക്കുക എന്ന തന്റെ തനതുശൈലി ഫലിക്കുന്നില്ല എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. ലോകോത്തര സ്പിന്നര്‍മാ‍ര്‍ വേണ്ട മാക്‌സ്‌വെല്ലിനെ മടക്കാൻ എന്ന യാഥാര്‍ത്ഥ്യം താരത്തിന്റെ മികവ് ഇടിഞ്ഞതിന്റെ സൂചനയായിരുന്നു. 

പക്ഷേ, കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ക്രീസില്‍ തുടരാനുള്ള ശ്രമം മാക്‌സ്‌വെല്‍ നടത്തിയിരുന്നു. സാഹചര്യം ഡിമാൻഡ് ചെയ്തകൊണ്ടാകാം അത്. പക്ഷേ, വരുണ്‍ ചക്രവര്‍ത്തി മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് തെറിപ്പിച്ചു. സീസണില്‍ മാക്‌സ്‌വെല്ലിനേക്കാള്‍ മികവ് പുറത്തെടുത്ത സ്റ്റോയിനിസിനെ ഒഴിവാക്കി റിക്കി പോണ്ടിങ് ആര്‍പ്പിച്ച വിശ്വാസം കാക്കാൻ താരത്തിനാകാതെ പോയി.

പക്ഷേ, പന്തുകൊണ്ട് നായകൻ ശ്രേയസ് അയ്യരിന് പിന്തുണ നല്‍കാൻ മാക്‌സ്‌വെല്ലിനാകുന്നുണ്ട്. ഇതുവരെ നാല് വിക്കറ്റ് താരം നേടിയിട്ടുണ്ട്. കൊല്‍ക്കത്തയ്ക്കെതിരെ വെങ്കടേഷ് അയ്യരുടെ നിര്‍ണായക വിക്കറ്റായിരുന്നു സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍, മാക്‌സ്‌വെല്ലിന്റെ മോശം ഫോം ടീമിനെ ബാധിക്കാത്ത തരത്തിലായിരുന്നു ബെംഗളൂരുവിന്റെ മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. 

ഇത്തവണ പഞ്ചാബിന്റെ കാര്യത്തിലും അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ശ്രേയസ് അയ്യര്‍, പ്രിയാൻഷ് ആര്യ, നേഹല്‍ വധേര, പ്രഭ്‌സിമ്രൻ സിംഗ്, ശശാങ്ക് സിങ്ങ് എന്നിവരുടെ മികച്ച ബാറ്റിംഗ് മാക്‌സ്‌വെല്ലിന് രക്ഷയായിട്ടുണ്ട്. പക്ഷേ, എത്രനാള്‍ പഞ്ചാബ് മാക്‌സ്‌വെല്ലില്‍ ഇങ്ങനെ വിശ്വാസം അര്‍പ്പിക്കുമെന്നത് ചോദ്യമാണ്. ഒരു വലിയ ഇന്നിങ്സിനായുള്ള സമ്മര്‍ദം തീ‍ര്‍ച്ചയായും മാക്‌സ്‌വെല്ലിന്റെ ചുമലിലെത്തും വൈകാതെ.

ഓസ്ട്രേലിയക്ക് വിശ്വകിരീടത്തിലേക്ക് എത്താൻ ഊര്‍ജം നല്‍കിയ വാംഖഡയിലെ ആ ഇന്നിങ്സ്. പരുക്കിന്റെ പിടിയില്‍ അമര്‍ന്നിട്ടും ചോരാത്ത പോരാട്ടവീര്യം, ഇരട്ട സെഞ്ച്വറി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. ഇതെല്ലാം നേടിയ മാക്‌സ്‌വെല്ലാണ് ഇന്ന് ഫോം കണ്ടെത്തുന്നതിനായി ക്രീസില്‍ മല്ലിടുന്നത്. ഒറ്റ ഇന്നിങ്സ് മതിയാകും മാക്‌സ്‌വെല്ലിനെ പോലൊരു താരത്തിന്റെ തന്റെ പ്രതാപം വീണ്ടെടുക്കാൻ. അതിനായുള്ള കാത്തിരിപ്പിലാണ് പഞ്ചാബും.

By admin