സൂപ്പർ ഓവറിന് മുമ്പ് ടീം ഹർഡിലിൽ പങ്കെടുക്കാതെ മാറി നടന്ന് സഞ്ജു, വൈറലായ വീഡിയോയില്‍ ചര്‍ച്ചയുമായി ആരാധകർ

ദില്ലി:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ടൈ ആയപ്പോള്‍ സൂപ്പര്‍ ഓവറാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 11 റൺസ് മാത്രമെടുത്തപ്പോള്‍ ഡല്‍ഹി അനായാസം ലക്ഷ്യം കണ്ടു. സൂപ്പര്‍ ഓവറില്‍ മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനെയോ നിതീഷ് റാണയെോ ഇറക്കാതെ ഷിമ്രോണ്‍ ഹെറ്റ്മെയറിനെയും റിയാന്‍ പരാഗിനെയും ഇറക്കിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെ ആരാധകര്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ചയും സജീവമാണിപ്പോള്‍.

മത്സരത്തിനുശേഷം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു വീഡിയോ ദൃശ്യമാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് കാരണമായത്. മത്സരത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ് ക്യാപ്റ്റന്‍ സഞ്ജു സാംസൺ റിട്ടയേര്‍ഡ് ഹര്‍ട്ടായി കയറിപ്പോയിരുന്നു. സൂപ്പര്‍ ഓവറിന് മുമ്പ് ഡഗ് ഔട്ടില്‍ കോച്ച് രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ താരങ്ങളും ടീം ഹര്‍ഡിലില്‍ ചൂടേറിയ ചര്‍ച്ച നടത്തുന്നതിനിടെ ഇതിലൊന്നും പങ്കെടുക്കാതെ മാറിനടക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഒന്നും വേണ്ടെന്ന തരത്തില്‍ സഞ്ജു കൈ കൊണ്ട് ആരോടോ ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

‘മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ’, പഞ്ചാബ് താരത്തെ പൊരിച്ച് പൂജാര

ടീം അംഗങ്ങളും കോച്ചും ചൂടേറിയ ചര്‍ച്ച നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ഇതിലൊന്നും ഇടപെടാതെ മാറി നടക്കുന്നത് ടീമിലെ ഭിന്നതക്ക് തെളിവാണെന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്. ടീമിനകത്തെ ഭിന്നത ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും താരലേലം മുതല്‍ തുടങ്ങിയതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ജോസ് ബട്‌ലറെ കൈവിടാന്‍ സഞ്ജുവിന് താല്‍പര്യമില്ലായിരുന്നുവെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു. സൂപ്പര്‍ ഓവറിന് മുമ്പ് ഡഗ് ഔട്ടില്‍ യാതൊരു ചര്‍ച്ചയും ഇല്ലായിരുന്നുവെന്നും എല്ലാവരും നിശബ്ദരായി ചുറ്റും കൂടി നില്‍ക്കുയായിരുന്നുവെന്നാണ് മറ്റൊരു പ്രതികരണം. അതേസമയം, സൂപ്പര്‍ ഓവറിന്‍റെ സമ്മര്‍ദ്ദത്തില്‍ ക്യാപ്റ്റന്‍റെ സഞ്ജു മാറിനടന്നതാണെന്നും ടീമില്‍ ഭിന്നതയൊന്നുമില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് രാജസ്ഥാന്‍ ആരാധകര്‍ നല്‍കുന്ന മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin