സത്യസന്ധമായി ഉത്തരം നൽകി, 40 സെക്കൻഡിനുള്ളിൽ അമേരിക്കൻ വിസ നിരസിക്കപ്പെട്ടെന്ന് യുവാവ്
ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് കേട്ടിട്ടില്ലേ? അത്തരത്തിൽ ഒരൊറ്റ ചോദ്യം കൊണ്ട് തന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞുപോയ അവസ്ഥയിലാണ് ഒരു ഇന്ത്യൻ യുവാവ്. വിസ അഭിമുഖത്തിനിടെ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി നൽകിയ ഒരു ഉത്തരമാണ് ഇദ്ദേഹത്തിന് പണിയായത് എന്നാണ് പറയുന്നത്. അമേരിക്കയിലേക്കുള്ള ഒരു യാത്ര സ്വപ്നം കണ്ടെങ്കിലും വെറും 40 സെക്കൻഡിനുള്ളിൽ അത് പൂർണ്ണമായും തകർന്നടിഞ്ഞുവെന്നാണ് യുവാവ് ആരോപിക്കുന്നത്.
nobody01810 എന്ന ഒരു റെഡ്ഡിറ്റ് യൂസറാണ് തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ B1/B2 ടൂറിസ്റ്റ് വിസ അഭിമുഖത്തിന് ഹാജരായതിന് ശേഷമുള്ള തന്റെ അനുഭവമായിരുന്നു ഇദ്ദേഹം പങ്കുവെച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിൽ ഇദ്ദേഹം കുറിക്കുന്നത് ഇങ്ങനെ, അടുത്തിടെ യുഎസ് എംബസിയിൽ എനിക്ക് B1/B2 വിസയ്ക്കുള്ള അഭിമുഖം ഉണ്ടായിരുന്നു, വെറും മൂന്ന് ചോദ്യങ്ങൾക്ക് ശേഷം ഒരു മിനിറ്റിനുള്ളിൽ എൻ്റെ വിസ നിരസിച്ചു. എന്താണ് എനിക്ക് പറ്റിയ തെറ്റൊന്നും അത് എങ്ങനെ അടുത്ത തവണ തിരുത്താം എന്നും ഇപ്പോൾ ആലോചിക്കുകയാണ്’
ഡിസ്നി വേൾഡ്, യൂണിവേഴ്സൽ സ്റ്റുഡിയോ, കെന്നഡി സ്പേസ് സെന്റർ, വിവിധ ബീച്ചുകൾ എന്നിവയുൾപ്പെടെ അമേരിക്കയിലേക്ക് രണ്ടാഴ്ചത്തെ യാത്രയായിരുന്നു താൻ പ്ലാൻ ചെയ്തിരുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. വിസ ലഭിക്കുന്നതിനായി ഉള്ള അഭിമുഖത്തിന് ഇടയിൽ മൂന്നു ചോദ്യങ്ങളാണ് ഇദ്ദേഹത്തോട് ചോദിച്ചത്.
എന്തുകൊണ്ടാണ് നിങ്ങൾ യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടുണ്ടോ? നിങ്ങൾക്ക് യുഎസിൽ ഏതെങ്കിലും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോ?
Rejected for B1/B2 Visa in 40 Seconds at New Delhi — What Went Wrong and What Could I Have Done Differently?
byu/nobody01810 inusvisascheduling
അതിൽ മൂന്നാമത്തെ ചോദ്യത്തിന്, അതായത് യുഎസിൽ നിങ്ങൾക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ഉണ്ട് എൻ്റെ കാമുകി അവിടെയുണ്ട് എന്നായിരുന്നു. സത്യസന്ധമായ ആ ഒറ്റ ഉത്തരത്തോടെ ഓഫീസർ അദ്ദേഹവുമായുള്ള സംഭാഷണം അവസാനിപ്പിച്ചു. പകരം, 214(b) റെഫ്യൂസൽ സ്ലിപ്പ് അദ്ദേഹത്തിന് നൽകി, അതോടെ അന്താരാഷ്ട്ര യാത്ര എന്ന ആ സ്വപ്നം പൊലിഞ്ഞു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ ഇദ്ദേഹം പറയുന്നത്.
എന്തായാലും, പോസ്റ്റിന് മിക്കവരും കമന്റ് നൽകിയിരിക്കുന്നത് കാമുകി അവിടെയുള്ള കാര്യം പറഞ്ഞതാവാം വിസ നിരസിക്കാൻ കാരണമായത് എന്നാണ്.