വിരുന്നിന് വന്ന് ആഴങ്ങളിലേക്ക് മാഞ്ഞു; ലിയാനും ആബിദയ്ക്കും കണ്ണീരോടെ വിട നൽകി നാട്
മലപ്പുറം: സന്തോഷങ്ങൾ അലതല്ലിയിരുന്ന വീട്ടിൽ പെയ്തത് കണ്ണീർമഴ. കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 15കാരനും പിതൃസഹോദരിക്കും കണ്ണീരോടെ വിട നൽകി തവനൂർ കരിങ്കപ്പാറ സ്വദേശി ആബിദ (45), ആനക്കര കൊള്ളാട്ട് സ്വദേശി മുഹമ്മദ് ലിയാൻ (15) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലാണ് നാടിനെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായത്. വീടിനു സമീപം ഭാരതപ്പുഴയിലെ കടവിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ലിയാനെ രക്ഷിക്കാനിറങ്ങിയ ആബിദയും മുങ്ങിത്താഴ്ന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.
ആബിദയുടെ സഹോദരനായ കബീറിന്‍റെ ഭാര്യ കൗലത്തും മക്കളായ മുഹമ്മദ് ലിയാൻ, റയാൻ, സയാൻ എന്നിവരും ബുധനാഴ്ചയാണ് ആബിദയുടെ വീട്ടിലേക്ക് വിരുന്നെത്തിയത്. വിരുന്നിന്റെ സന്തോഷം കണ്ണീരായി മാറുകയായിരുന്നു. മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. പിതാവ് കബീർ വിദേശത്താണ്. പരേതനായ റഷീദാണ് ആബിദയുടെ ഭർത്താവ്. ആബിദയുടെ മക്കൾ: ഫാത്തിമ ഷിബീൻ, മുഹമ്മദ് റിബിൻ ഫത്താഹ്. മരുമകൻ: മഹ്ഫൂസ് മുഹമ്മദ് അലി.