ലോകം ഉറ്റുനോക്കുന്നു, അമേരിക്ക-ഇറാൻ രണ്ടാം ആണവ ചർച്ചയിൽ തീരുമാനം എന്താകും? സൗദിയുടെ നിർണായക ഇടപെടലുണ്ടാകമോ?
ടെഹ്റാൻ: അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ ഇറാനിൽ സുപ്രധാന കൂടിക്കാഴ്ച്ചകൾ നടത്തി സൗദി പ്രതിരോധമന്ത്രി. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുമായും, പ്രസിഡന്റ് പെസഷ്കിയാനുമായും ഇറാൻ സൈനിക മേധാവിയുമായും സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധം, സൈനിക സഹകരണം എന്നിവ ചർച്ചയായി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ഒരു സൗദി പ്രതിരോധമന്ത്രി ഇറാൻ സന്ദർശിക്കുന്നത്.
പരസ്പരം വഷളായിരുന്ന ഇറാൻ – സൗദി നയതന്ത്ര ബന്ധം 2 വർഷത്തിന് മുൻപാണ് മെച്ചപ്പെട്ട് തുടങ്ങിയത്. 1997 ന് ശേഷമുള്ള ഏറ്റവും വലിയ ഉന്നതതല സന്ദർശനമാണിത്. അമേരിക്ക – ഇറാൻ ചർച്ചയിൽ പുരോഗതിയുണ്ടാക്കാൻ സൗദിയുടെ നിർണായക ഇടപെടലുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.