പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞു; കെഞ്ചി പറഞ്ഞിട്ടും 180 ആംബുലൻസ് എത്തിയില്ല, രോഗി മരിച്ചതിൽ പ്രതിഷേധം
തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പലതവണ വിളിച്ചിട്ടും 108 ആംബുലൻസ് എത്തിയില്ലെന്ന് പരാതി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് എത്താതിരുന്നതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് വെള്ളറട സ്വദേശിനി ആൻസി മരിച്ചതെന്നും കെഞ്ചി പറഞ്ഞിട്ടും വണ്ടി വിട്ടു നൽകിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ്പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വെള്ളറട ദേവി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ വേണ്ടിയാണ് 108 ആംബുലൻസിൽ വിളിച്ചത്. പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ രോഗിയെ മാറ്റാൻ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ആവശ്യമുള്ളത് കൊണ്ടും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108 ആംബുലൻസിനെ വിളിച്ചത്. എന്നാൽ കുരിശുമല സ്പെഷൽ ഡ്യൂട്ടി പറഞ്ഞ് ആംബുലൻസ് എത്തിയില്ല.
ഡോക്ടറും ജനപ്രതിനിധിയുമടക്കം വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ല. മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് ഓക്‌സിജനില്ലാത്ത സ്വകാര്യ ആംബുലൻസിൽ രോഗിയെ കൊണ്ടുപോകാൻ സാധിച്ചത്. എന്നാൽ യാത്രക്കിടെ നെയ്യാറ്റിൻകരയിലെത്തിയപ്പോഴേക്കും ആൻസി മരിച്ചിരുന്നു. വെള്ളറട പിഎച്ച്സിയിൽ 108 ആംബുലൻസുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോൾ അതും തൊട്ടപ്പറത്തുള്ള ആംബുലൻസുമൊക്കെ സ്പെഷൽ ഡ്യൂട്ടിക്ക് പോകാൻവേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും മറ്റ് ആംബുലൻസുകൾ തിരക്കിലാണെന്നുമായിരുന്നു മറുപടി. രോഗി സാമ്പത്തികമായി പിന്നോക്കമാണ്, അതുകൊണ്ടാണ് 108 വിളിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഓക്‌സിജൻ ആവശ്യമാണെന്നു പറഞ്ഞിട്ടും ആംബുലൻസ് നൽകിയില്ലെന്നും ആനി പറഞ്ഞു.