പരിക്കേറ്റ യാത്രക്കാരിയെ ഫയർഫോഴ്സ് ആംബുലൻസിൽ എത്തിച്ചു, അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആശുപത്രി, കാരണം വിചിത്രം!
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പില്ലെന്ന് പരാതി. പൂജപ്പുര – ജഗതി റോഡിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി നിമിയെ (34) ആണ് ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ വിസമ്മതിച്ചത്.
ഫയർഫോഴ്സിന്‍റെ ആംബുലൻസിലാണ് നിമിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ബന്ധുക്കൾ എത്തിയിട്ടില്ലെന്നും അതുകൊണ്ട് അഡ്മിഷൻ സാധിക്കില്ലെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചതതെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഒടുവിൽ ഫയർഫോഴ്‌സിന്‍റെയും ആശുപത്രിയിലുണ്ടായിരുന്ന ജനങ്ങളുടെയും പ്രതിഷേധം ശക്തമായതോടെയാണ് നിമിയെ അഡ്‌മിറ്റ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചത്. മുമ്പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ തങ്ങളോട് തട്ടിക്കയറിയിട്ടുണ്ടെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൂജപ്പുര – ജഗതി റോഡിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കാർ ബസിൽ ഇടിച്ചതോടെ ബസ് സഡൻ ബ്രേക്ക് ചെയ്യുന്നതിനിടെയാണ് മുൻസീറ്റിലിരുന്ന നിമിയുടെ തല ബസ്സിന്‍റെ കമ്പിയിൽ ഇടിച്ച് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ കാർ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റു.