തറ തൂത്തുവാരിത്തുടച്ചും കാർപ്പെറ്റ് കഴുകിയും വിദ്യാർത്ഥികൾ, വീഡിയോയ്ക്ക് വൻ വിമർശനം, സംഭവം മീററ്റിൽ
വിദ്യാർത്ഥികൾ തറ തൂത്തുവാരുകയും കാർപ്പെറ്റുകൾ കഴുകുകയും ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളേറ്റു വാങ്ങുന്നത്. ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒരു സർക്കാർ സ്കൂളിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, അധികൃതർ ഇത് സ്ഥിരീകരിക്കുകയോ എന്തെങ്കിലും പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.
90 -കളിലെ ഒരു ജനപ്രിയ ഗാനത്തിന് അനുസരിച്ചാണ് അധ്യാപകർ നൃത്തം ചെയ്യുന്നത്. എന്നാൽ, ആ സമയത്ത് വിദ്യാർത്ഥികളെ കൊണ്ട് തറ വൃത്തിയാക്കിപ്പിക്കുകയും കാർപെറ്റ് കഴുകാൻ നിർബന്ധിതരാക്കുകയും, കർട്ടൻ വൃത്തിയാക്കിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഗംഗേഷ് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ എക്‌സിൽ ഷെയർ ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനമാണ് അധ്യാപകർക്ക് നേരെ ഉയർന്നത്.
വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു ടീച്ചർ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുന്നത് കാണാം. പിന്നീട് മറ്റ് ചിലർ കൂടി അവർക്കൊപ്പം ചേരുന്നു. അത് വിദ്യാർത്ഥിനികൾ ആണെന്നാണ് കരുതുന്നത്. അതേസമയത്ത് മറ്റൊരു ഭാഗത്ത് അധ്യാപികമാർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് നിൽക്കുന്നതാണ് കാണുന്നത്. അവർ വിദ്യാർത്ഥികളെക്കൊണ്ട് തറ വൃത്തിയാക്കിക്കുന്നതും വീഡിയോയിൽ കാണാം.
#मेरठ में मैडम का डांस..#स्कूल में शिक्षिकाएं कर रही डांस..#कृष्णपुरी के सरकारी विद्यालय में बच्चों से झाड़ू लगाने, दरियां धोने और पर्दे धुलवाने का मामला..वीडियो सोशल मीडिया पर वायरल..#Meerut #ViralVideo @DmMeerut @CMOfficeUP pic.twitter.com/xguAhwaMVg
— पत्रकार गंगेश पाण्डेय (@GangeshReporter) April 12, 2025
എന്നാൽ, അതേസമയം വിദ്യാർത്ഥികളെക്കൊണ്ട് സ്കൂൾ വൃത്തിയാക്കിക്കുന്നത് ദിവസേന ചെയ്യുന്നതാണോ, അതോ എന്തെങ്കിലും പ്രത്യേക പരിപാടി നടക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. അധ്യാപികയും വിദ്യാർത്ഥികളും നൃത്തം ചെയ്യുന്നതല്ല ആളുകളുടെ വിമർശനം ഏറ്റുവാങ്ങിയത് മറിച്ച് വിദ്യാർത്ഥികളെ കൊണ്ട് ക്ലീനിംഗ് ജോലികൾ ചെയ്യിച്ചതാണ്.
നേരത്തെ ഇതുപോലെ ക്ലാസ് നടക്കുന്നതിനിടയിൽ ഉറങ്ങുന്ന ഒരു അധ്യാപികയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അന്ന് വലിയ വിമർശനമാണ് ഈ വീഡിയോ ഏറ്റുവാങ്ങിയത്.