‘തനിക്കവളെ വളരെയധികം ഇഷ്ടമാണ്, വലിയ കഴിവുണ്ടെന്ന് അറിയാമായിരുന്നു’; ജോർജി മെലോനിയെ പ്രശംസ കൊണ്ട് മൂടി ട്രംപ്

വാഷിം​ഗ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചുമത്തിയ ശേഷം വ്യാപാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യൻ നേതാവ് കൂടിയാണ് മെലോനി. വ്യാഴാഴ്ചയാണ് മെലോനി വാഷിംഗ്ടൺ സന്ദർശിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നിലവിലെ വ്യാപാര സംഘർഷങ്ങൾക്കിടയിൽ ശ്രദ്ധേയമായി മാറുകയും ചെയ്തു ഈ സന്ദർശനം. ഓവൽ ഓഫീസിലെ പ്രസംഗത്തിനിടെ, ട്രംപ് ജോർജിയ മെലോനിയെ പ്രശംസിക്കുകയും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു.

തനിക്കവളെ വളരെയധികം ഇഷ്ടമാണ് എന്നാണ് വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജോർജിയ മെലോനി സാന്നിധ്യത്തിലായിരുന്നു ഈ പ്രശംസ. ജോർജിയ പ്രധാനമന്ത്രിയാണെന്നും ഇറ്റലിയെ മികച്ച രീതിയിൽ നയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജോർജിയക്ക് വലിയ കഴിവുണ്ടെന്ന് തനിക്കറിയാമായിരുന്നു, ലോകത്തിലെ യഥാർത്ഥ നേതാക്കളിൽ ഒരാളാണ് അവർ. യുഎസിനും അവരുമായി മികച്ച ബന്ധമാണ് ഉള്ളതെന്നും ട്രംപ് വ്യക്തമാക്കി. 

അതേസമയം, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കയറ്റുമതിയിൽ 20 ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിൻ്റെ തീരുമാനത്തെ ജോർജിയ മെലോനി അപലപിച്ചിരുന്നു. ഈ നീക്കം അദ്ദേഹം പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. ഈ താരിഫുകൾ ഉണ്ടാക്കിയ തടസങ്ങൾക്കിടയിലും, യുഎസ് പ്രസിഡന്റുമായുള്ള തൻ്റെ ബന്ധം നിലനിർത്താൻ ജോർജിയ മെലോനി ശ്രമിച്ചു. ഒരു വിശ്വസനീയമായ പങ്കാളിയായി കണക്കാക്കിയില്ലെങ്കിൽ ഇവിടെ വരില്ലായിരുന്നു എന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞത്.

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി ചർച്ചകൾക്കായി ജോർജിയ ഇറ്റലിയിലും ചർച്ച നടത്തും. താരിഫുകൾ, പ്രതിരോധ ചെലവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചർച്ചകൾ. നേരത്തെ, ജനുവരി 20ന് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക യൂറോപ്യൻ നേതാവ് ജോർജിയ ആയിരുന്നു. കുടിയേറ്റം, യുക്രൈൻ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളിൽ യുഎസിന്റെ അതേ നിലപാടാണ് ഇറ്റലിക്കുമുള്ളത്. 

 

By admin