ട്രംപും പവലും തമ്മിൽ പോരുമുറുകുന്നു; പുറത്താക്കാൻ മടിയില്ലെന്ന് ട്രംപ്, യുഎസ് കേന്ദ്രബാങ്ക് തലവന്റെ ഭാവിയെന്ത്

മേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ കേന്ദ്ര ബാങ്കിന്‍റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് കഴിഞ്ഞദിവസം ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് താന്‍ വിചാരിച്ചാല്‍ അധികം വൈകാതെ പവല്‍ പുറത്താക്കപ്പെടുമെന്ന് പ്രതികരിച്ചു. താന്‍ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അത്രയധികം സന്തുഷ്ടന്‍ അല്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ വെല്ലുവിളിയുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം എന്ന് പവല്‍ പറഞ്ഞിരുന്നു. ഇതാണ് ട്രംപിന്‍റെ അസന്തുഷ്ടി വര്‍ദ്ധിക്കാന്‍ കാരണം. 2017 ല്‍ പവലിനെ ആദ്യമായി യുഎസ് ഫെഡ് ചെയര്‍മാനായി നിയമിച്ചത് അന്ന് പ്രസിഡണ്ടായിരുന്ന ട്രംപാണ്.

ആക്രമണാത്മകമായ രീതിയിലുള്ള തിരുവ കുറയ്ക്കുന്നതിന് ജെറോം പവല്‍ ട്രംപിന് മേലുള്ള സമ്മര്‍ദ്ദം കൂട്ടിയിരുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വീണ്ടും വായ്പ പലിശ കുറച്ചാല്‍ അത് ഫെഡറല്‍ റിസര്‍വിനെ സമ്മര്‍ദ്ദത്തില്‍ ആക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ 2026 മെയ് മാസത്തില്‍ പവലിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പ്രസിഡണ്ട് അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിച്ചേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇതിനോടകം തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍റെ നിയന്ത്രണ അധികാരങ്ങളില്‍ ഇടപെടുന്നതിനുള്ള നടപടികള്‍ ട്രംപ് സ്വീകരിച്ചിട്ടുണ്ട്

ആശങ്ക സൃഷ്ടിക്കുന്ന ട്രംപ്

ഫെഡിലെ രാഷ്ട്രീയ ഇടപെടലില്‍ സാമ്പത്തിക വിദഗ്ധര്‍ ആശങ്കാകുലരാണ്. സമ്പദ്വ്യവസ്ഥയും പണപ്പെരുപ്പവും കൈകാര്യം ചെയ്യുന്നതിന് ഫെഡിന്‍റെ സ്വാതന്ത്ര്യം നിര്‍ണായകമാണ്. യുഎസ് സമ്പദ്വ്യവസ്ഥയില്‍ ഫെഡറലിന് വിപുലമായ അധികാരമുണ്ട്. ഹ്രസ്വകാല പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ ഫെഡറലിന് വായ്പ പലിശ കുറയ്ക്കാനും  ചെലവുകള്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ച്ചയും നിയമനവും ത്വരിതപ്പെടുത്താനും കഴിയും. ഒരു പ്രസിഡന്‍റിന് ഫെഡറല്‍ ചെയര്‍മാനെ ഒരു കാരണവശാലും പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് പവല്‍ പറയുന്നത്. ട്രംപിന് ഫെഡിന്‍റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ നിന്ന് പവലിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് മിക്ക നിയമ വിദഗ്ധരും സമ്മതിക്കുന്നു.

ആരാണ് ജെറോം പവല്‍?

1992 ല്‍, പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്‍റെ കീഴില്‍ യുഎസ് ട്രഷറി വകുപ്പിന്‍റെ അസിസ്റ്റന്‍റ് സെക്രട്ടറിയായും തുടര്‍ന്ന് അണ്ടര്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജെറോം എച്ച് പവല്‍ . 1997 മുതല്‍ 2005 വരെ, പവല്‍ ആഗോള നിക്ഷേപ സ്ഥാപനമായ ദി കാര്‍ലൈല്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു.കാര്‍ലൈല്‍ വിട്ടതിനുശേഷം, അദ്ദേഹം വാഷിംഗ്ടണ്‍ ഡിസിയിലെ ബൈപാര്‍ട്ടിസന്‍ പോളിസി സെന്‍ററില്‍  വിസിറ്റിംഗ് സ്കോളറായി. 2012-ല്‍, പവല്‍ ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്‍റെ ഗവര്‍ണര്‍മാരുടെ ബോര്‍ഡിലേക്ക് നിയമിതനായി

2018 ഫെബ്രുവരിയില്‍, ജാനറ്റ് യെല്ലന് ശേഷം, പവല്‍ നാല് വര്‍ഷത്തെ കാലാവധിയില്‍ ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്‍റെ ഗവര്‍ണര്‍മാരുടെ ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു. ഫെഡ് ചെയര്‍മാനായി രണ്ടാം ടേമിലേക്ക് അദ്ദേഹം വീണ്ടും നിയമിതനായി.

ചെയര്‍മാനെന്ന നിലയ്ക്ക് പവല്‍ പണനയം രൂപീകരിക്കുന്നതിനുള്ള ഫെഡിന്‍റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയെയും നയിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ സെന്‍ട്രല്‍ ബാങ്കറായി പവല്‍ പലപ്പോഴും കണക്കാക്കപ്പെടുന്നു, യുഎസ് സമ്പദ്വ്യവസ്ഥയെയും ലോകത്തിലെ റിസര്‍വ് കറന്‍സിയായ ഡോളറിനെയും അദ്ദേഹം നിയന്ത്രിക്കുന്നു.
 

By admin