ഓർഡർ ചെയ്തത് ഐഫോൺ 16 പ്രൊ, എത്തിയത് പ്ലാസ്റ്റിക് ഡമ്മി, ഇന്ത്യക്കാരൻ തട്ടിപ്പിനിരയായത് യുഎഇയിൽ
ദുബൈ: യുഎഇയിൽ വൻ തട്ടിപ്പ്. ഓൺലൈനായി വാങ്ങിച്ച ഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മി. ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓൺലൈനായി ഐഫോൺ 16 പ്രൊ ഓർഡർ ചെയ്തത്. റമദാൻ പ്രമാണിച്ചുള്ള വമ്പൻ ഓഫറുകൾ കണ്ടിട്ടാണ് ഓൺലൈനായി ഫോൺ വാങ്ങിക്കാമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് ഇയാൾ പറഞ്ഞു. റീടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുന്നതിന് പകരം ഇങ്ങനെ വാങ്ങിക്കുമ്പോൾ സമയം ലാഭിക്കാമെന്നും നിരവധി ഓഫറുകൾ ലഭിക്കുമെന്നും കരുതിയിരുന്നു. റീടെയിൽ സ്റ്റോറുകൾ പറഞ്ഞ വിലയേക്കാൾ കുറവായിരുന്നു ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടതെന്ന് സിറാജുദ്ദീൻ പറഞ്ഞു.
4199 ദിർഹം ചെലവഴിച്ചാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്റെ ദേരയിലുള്ള വീട്ടിലേക്ക് സാധനം എത്തുകയും ചെയ്തു. ഹൈദരാബാദിലുള്ള സഹോദരിക്ക് പൊരുന്നാൾ സമ്മാനം നൽകാനാണ് ഇത് ഓർഡർ ചെയ്തെന്നും ഇയാൾ പറഞ്ഞു. ഡെലിവറി ചെയ്ത പെട്ടി തുറന്നുനോക്കാതെ തന്നെ അത് ഇന്ത്യയിലേക്ക് പോകാനിരുന്ന തന്റെ സുഹൃത്തിനെ ഏൽപ്പിക്കുകയും നാട്ടിലെത്തി സഹോദരിക്ക് കൈമാറണമെന്നും പറഞ്ഞു. നാട്ടിൽ സഹോദരിയുടെ കയ്യിൽ സുഹൃത്ത് സമ്മാനം ഏൽപ്പിച്ചു. അവൾ അത് തുറന്നതും കണ്ടത് ഐഫോണിന്റെ പ്ലാസ്റ്റിക് ഡമ്മിയായിരുന്നു. സഹോദരി കരുതിയത് താൻ ഏപ്രിൽ ഫൂൾ ആക്കിയതെന്നാണ്. ഇതിൽ പരാതി പറയാൻ അവൾ വിളിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ഉടൻ തന്നെ അത് തിരിച്ചയക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും സിറാജുദ്ദീൻ പറയുന്നു.
താൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട അധികൃതർക്കെതിരെ ഉടൻ തന്നെ പരാതിപ്പെടുകയും ചെലവാക്കിയ പണം മുഴുവൻ തിരികെ ആവശ്യപ്പെടുകയും ചെയ്തു. കാലതാമസം കൂടാതെ തന്നെ പണം തിരികെ ലഭിച്ചു. എന്നാൽ ഈ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മാറിയിട്ടില്ലെന്ന് സിറാജുദ്ദീൻ പറയുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേതുടർന്ന് ആഭ്യന്തരമായ അന്വേഷണം നടന്നുവരികയാണെന്നും ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ വക്താവ് അറിയിച്ചു.