ഒരാഴ്ച കൊണ്ട് 279 പേർക്ക് തലയിൽ ഒരു മുടി പോലുമില്ലാതായ ജില്ലയിൽ വീണ്ടും ആശങ്ക; നഖങ്ങൾ തനിയെ കൊഴിയുന്നു
മുംബൈ: തലയിൽ ഒരു മുടി പോലും അവശേഷിക്കാത്ത വിധം 279 പേർക്ക് മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിൽ ആളുകളുടെ നഖങ്ങളും കൊഴിയുന്നു. മുപ്പതിലധികം പേരുടെ നഖങ്ങളാണ് ഇതുവരെ തനിയെ കൊഴിഞ്ഞുപോവുകയോ പൊടിഞ്ഞുപോവുകയോ ചെയ്തത്. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള നാല് ഗ്രാമങ്ങളിലാണ് ഈ പുതിയ ആരോഗ്യ പ്രശ്നം റിപ്പോർട്ട് ചെയ്തത്.
ഷെഗാവ് താലൂക്കിലെ നാല് ഗ്രാമങ്ങളിൽ മുപ്പതിലേറെ പേർക്ക് നഖ വൈകല്യം കണ്ടെത്തിയെന്ന് ബുൾദാനിയിലെ ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ പറഞ്ഞു. ചിലരുടെ നഖങ്ങൾ പൂർണമായി കൊഴിഞ്ഞുപോയി. അവർക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ പരിശോധന നടത്തുമെന്നും ഹെൽത്ത് ഓഫീസർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ആളുകളുടെ നഖം കൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സർപഞ്ച് റാം തർക്കർ പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ നഖങ്ങൾ പൊട്ടുകയും പിന്നീട് കൊഴിയുകയും ചെയ്തു. ജില്ലാ ഓഫീസർ, ജില്ലാ ഹെൽത്ത് ഓഫീസർ, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരെ വിവരം അറിയിച്ചെന്നും സർപഞ്ച് പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് ഇക്കാര്യം അന്വേഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചു.
2024 ഡിസംബർ മുതൽ 2025 ജനുവരി വരെ 279 പേർക്ക് അസാധാരണമായ രീതിയിൽ മുടി കൊഴിച്ചിൽ അനുഭവപ്പെട്ടതും ഇതേ ജില്ലയിലാണ്. തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥയായിരുന്നു. മുടി കൊഴിച്ചില്‍ ആരംഭിച്ചു കഴിഞ്ഞ് മൂന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന സ്ഥിതി വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ബുൽദാന ജില്ലയിലെ ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിലായിയിരുന്നു സംഭവം.
തലവേദന, പനി, തല ചൊറിച്ചിൽ, ഛർദി, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമീണരിൽ ഏറിയ പേർക്കും മുടി കൊഴിച്ചിൽ ആരംഭിച്ചത്. ഗോതമ്പിലെ സെലീനിയത്തിന്‍റെ ഉയർന്ന തോതിലുള്ള സാന്നിധ്യം കാരണമാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. രക്തം, മൂത്രം, മുടി സാംപിൾ പരിശോധനയിൽ സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിച്ചു.
ഉപാപചയ പ്രവർത്തനങ്ങളിൽ നിർണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിന്‍റെ പ്രവർത്തനം, രോഗ പ്രതിരോധ ശേഷിയിലടക്കം സെലീനിയത്തിന് പങ്കുണ്ട്. എന്നാൽ സെലീനിയം ശരീരത്തിൽ അധികമായാൽ പ്രത്യാഘാതങ്ങളുണ്ടാവും. സെലീനിയത്തിന്‍റെ ഉയർന്ന സാന്നിധ്യം തലചുറ്റൽ, ഛർദി, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നു. വലിയ അളവിൽ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും മുടി കൊഴിയാനും കാരണമാകുന്നുവെന്നും വിദഗ്ധർ പറയുന്നു. നിലവിലെ നഖം കൊഴിച്ചിലിന് കാരണവും സെലിനിയമാകാമെന്നാണ് ആരോഗ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കൂ,
പഞ്ഞി നിറച്ച രണ്ടായിരത്തിലധികം ടെസ്റ്റ് ട്യൂബുകൾ, കടത്തിയത് 5000 ഉറുമ്പുകളെ! നാല് പേർ പിടിയിൽ