എന്തൊരു ആക്ടിംഗ്! ഒന്നുമറിയാത്തവരെ പോലെ നിന്ന് ഒപ്പിച്ച സകലതും സിസിടിവി കണ്ടു; ഇതൊന്നുമറിയാതെ യുവതികൾ
മലപ്പുറം: ഹെൽത്ത് സെന്ററിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല കവർന്ന് മുങ്ങിയ രണ്ട് യുവതികളെ പിടികൂടി പൊലീസ്. ചെന്നൈ തമ്പുരാൻ ബസ് സ്റ്റാൻഡ് സ്വദേശികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് താനൂർ പൊലീസ് പിടികൂടിയത്. താനൂർ ഗവ. ആശുപത്രിയിൽ ചികിത്സക്കായെത്തിയ എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ സ്വർണമാലയാണ് ഇവർ കവർന്നത്. കഴിഞ്ഞ മാസം 29ന് രാവിലെ 10.45നായിരുന്നു സംഭവം.
ഡോക്ടറെ കാണാൻ ഗവ. ഹെൽത്ത് സെന്ററിൽ എത്തിയ സ്ത്രീയുടെ കുട്ടിയുടെ കഴുത്തിൽ നിന്ന് തന്ത്രപൂർവം ഒരുപവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന് മുങ്ങുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി തമിഴ്നാട് സ്വദേശിനികളായ സ്ത്രീകളെ നിരീക്ഷിച്ചു വന്നിരുന്നു. തുടർന്നാണ് ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീകളുമായി സാമ്യമുള്ള തമിഴ്നാട്ടുകാരായ സ്ത്രീകളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, താനൂർ സബ് ഇൻസ്പെക്ടർ എൻ ആർ സുജിത്, സലേഷ്, ശാക്കിർ, ലിബിൻ, നിഷ, രേഷ്മ, പ്രബീഷ്, അനിൽ എന്നിവരടങ്ങിയ പൊലീസ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു. ഇരുവരും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി സമാന രീതിയിൽ സ്വർണം മോഷ്ടിച്ച നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.