ഉച്ചി തൊടുന്ന വെയില്‍, കൂച്ചിക്കെട്ടുന്ന പള്ള, പാദസരം എന്ന മോഹം; കശുവണ്ടിത്തോട്ടത്തിലെ വെക്കേഷന്‍!

ഉച്ചി തൊടുന്ന വെയില്‍, കൂച്ചിക്കെട്ടുന്ന പള്ള, പാദസരം എന്ന മോഹം; കശുവണ്ടിത്തോട്ടത്തിലെ വെക്കേഷന്‍!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം. 

ഉച്ചി തൊടുന്ന വെയില്‍, കൂച്ചിക്കെട്ടുന്ന പള്ള, പാദസരം എന്ന മോഹം; കശുവണ്ടിത്തോട്ടത്തിലെ വെക്കേഷന്‍!

സ്‌കൂള്‍ കാലം. ഒരു ഓര്‍മ്മച്ചിത്രം.
 

കുന്നിന്‍മുകളിലേക്ക് കയറും തോറും സൂര്യന്‍ ഉച്ചിയിലാണ് വന്നിരിക്കുന്നതെന്ന് എനിക്ക് തോന്നി. കാലുകള്‍ തളരുന്നതിനോടൊപ്പം തൊണ്ടയും വരണ്ടു തുടങ്ങി.

‘ഇനീം കൊറേ കേരണം അല്ലേ സുരാട്ടാ’

തൊട്ടു പിറകിലുള്ള സുരേന്ദ്രന്‍ ഡ്രൈവറോട് ഞാന്‍ ചോദിച്ചു.

‘ഉയ്യെന്റപ്പാ ഈ കുഞ്ഞിക്കാലും ബെച്ച് ഈ പെണ്ണ് കേര്ന്ന കാണുമ്പം ബേജാറാക്ന്ന് മൊയ്തൂക്കാ,,
ഇങ്ങക്ക് പറഞ്ഞൂടേ ഓളോട് ബരണ്ടാന്ന്. ഓക്ക് നടക്കാന്‍ പോലും പറ്റ്ന്നില്ലാല്ലോ..’

എന്റെ കൈ പിടിച്ചു കൊണ്ട് സുരേട്ടന്‍ മുന്നിലുള്ള വെല്ലുപ്പാപ്പാനോട് പറഞ്ഞു.

‘ഓക്ക് സ്‌കൂള് തൊറക്കുമ്പോ എന്തെല്ലോ മാങ്ങണം പോലും. ആരാന്റെ തോട്ടത്തില്‍ കശുവണ്ടി പെറുക്കിക്കൊട്ക്കാന്‍ പോയാല്‍ എന്താ ഓക്ക് കിട്ട്ആ. മാത്രോല്ല ഈ കുഞ്ഞിക്കാലും വെച്ചിറ്റ് ഏടേലും വീണ്റ്റ്‌ണ്ടേല്‍ ആരേലും കാണുഓ സുരാ, ഈടയാകുമ്പോ ഞാനും പാത്തുമ്മേം ഇല്ലേ…ഓളെ കൊണ്ട് ആവ്ന്നത് ചെയ്യട്ട്. ആരാന്മാറ്ട്ത്ത് കിട്ട്‌ന്നേനാക്കാളും നോട്ടം മ്മളട്ത്ത്ന്ന് കിട്ടൂലേ ഓക്ക്. ഈ അലാക്കിലെ കുന്ന് കേറണ്ടൊരു ബുദ്ധിമൊട്ടല്ലേ ഓക്കുള്ളൂ.’

‘എനിക്ക് ഒരു പെങ്കുഞ്ഞീനെ കിട്ടാത്തേന്റെ ഖേദം ഇങ്ങക്കറീലേ മൊയ്തൂക്ക.. ഈ കുഞ്ഞീനെ കാണുമ്പോ ഓളെ പെടക്കല് കാണുമ്പോ പള്ളേന്ന് കത്ത്ന്ന്. .. ആരേം മുനാഷിക്കാണ്ട് ഓളീ കുഞ്ഞ് പ്രായത്തില്‍ ഓളെ കാര്യംല്ലം നടത്ത്ന്നത് കാണുമ്പോ സന്തോഷോം തോന്ന്ണ്ട്.’

സുരേട്ടന്‍ ഓരോന്നിങ്ങനെ പറഞ്ഞു കൊണ്ടു നടക്കുന്നതിനിടയില്‍ വെല്ലുപ്പാനേം, മറ്റുമ്മാനേം കടന്ന് ഞാന്‍ ഏറെ ദൂരം മുന്നിലെത്തിയിരുന്നു.

ഉച്ചിയില്‍ തൊടുന്ന വെയിലില്‍ നിന്ന് ഓടിയൊളിക്കാന്‍ വേണ്ടി, തയഞ്ഞ് തീരാറായ വി കെ സി ചെരിപ്പും വലിച്ച് മൈക്രോമിലെ  കശുവണ്ടിത്തോട്ടങ്ങളെ ലക്ഷ്യമാക്കി ഞാന്‍ ധൃതിയില്‍  നടന്നു.

എല്ലാ കൊല്ലവും സ്‌കൂള്‍ അടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുക. കശുവണ്ടി പെറുക്കലായിരുന്നു മെയിന്‍ ജോലി.

കൂലിക്ക് പെറുക്കാന്‍ പോകുന്നതിനൊപ്പം വീട്ടിന്റെടുത്ത് വെല്ലുപ്പാന്റെ പറമ്പില്‍ നിന്ന് ആരും അറിയാതെ കുറച്ച് കശുവണ്ടി പെറുക്കി വെച്ച് രണ്ട് കിലോയൊക്കെ ആകുമ്പോള്‍ കുമാരേട്ടന്റെ പീടികയില്‍ കൊണ്ടു പോയി വിറ്റ് പൈസ സ്വരൂപിച്ച് വെക്കാറുണ്ടായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോള്‍ ബേഗും കുടയും, യൂനിഫോമും വാങ്ങുന്നതിനേക്കാളുപരി ഇത്തവണ ഒരു പാദസരം വേണമെന്ന ‘അതിമോഹം’ വന്നത് കൊണ്ടാണ് പാലുകാച്ചിപ്പാറയിലെ കശുവണ്ടിത്തോട്ടത്തില്‍ കൂലിക്ക് പോകാന്ന് ഞാന്‍ തീരുമാനിച്ചത്. 

ബി എസ് എന്‍ എല്ലിന്റെ ടവര്‍ ഉള്ളത് കൊണ്ടാണ് പാലുകാച്ചിപ്പാറയിലേക്കുള്ള യാത്രകളെ മൈക്രോമിലേക്കുള്ള യാത്രകളെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നത്. എല്ലാ കൊല്ലവും വെല്ലുപ്പേം, മറ്റുമ്മേം കശുവണ്ടി പാട്ടത്തിനെടുക്കും ഒറ്റക്ക് എടുത്താല്‍ റിസ്‌ക് കൂടുന്നത് പേടിച്ച് ഒരാളെ ഷെയറിനും കൂട്ടും. വീട്ടിനടുത്തുള്ള ക്വാറിയില്‍ കരിങ്കല്ലിന് വേണ്ടി വന്നിരുന്ന ലോറിയിലെ ഡ്രൈവറായിരുന്നു സുരേട്ടന്‍. 
വെല്ലുപ്പാന്റെ ഭാഷയില്‍ പറഞ്ഞാല്‍ തേനും, പാലും പോലത്തെ മനുഷ്യന്‍. അതു കൊണ്ട് തന്നെ കശുവണ്ടി തോട്ടം പാട്ടമെടുക്കുമ്പോള്‍ സുരേട്ടനെ കൂറ് കൂട്ടുന്നതില്‍ വെല്ലുപ്പാക്ക് രണ്ടാലൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. അത്രയും നേരും നെറിയും ഉള്ള മനുഷ്യനായിരുന്നു അയാള്‍.

കശുവണ്ടി പെറുക്കാന്‍ ഓരോരുത്തര്‍ക്കും ഇത്ര മരം എന്ന് കണക്കാക്കി തരുമായിരുന്നു. കൂടുതല്‍ വെയിലൊന്നുമില്ലാത്ത ഭാഗം എനിക്കായി പതിച്ചു കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ ആ കാര്യത്തില്‍ ഞാന്‍ തര്‍ക്കത്തിനൊന്നും നില്‍ക്കാറില്ലായിരുന്നു. വെല്ലുപ്പാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പ്‌റ്ത്തിക്കാടില്‍ കശുവണ്ടി പെറുക്കുമ്പോ സൂക്ഷിക്കേണ്ടത് ചപ്പിനേയാണ്.’ 

ഉണങ്ങിക്കഴിഞ്ഞ ഇലകളില്‍ ചവിട്ടി നടക്കുമ്പോള്‍ പലപ്പോഴും ബാലന്‍സ് കിട്ടിയെന്ന് വരില്ല. അണ്ടിമാങ്ങകള്‍ പെറുക്കി വരുമ്പോള്‍ വീണാല്‍ വലിയ പ്രശ്‌നമൊന്നുമില്ല പക്ഷെ മാങ്ങയില്‍ നിന്ന് കശുവണ്ടി മുരുടിക്കഴിഞ്ഞ ശേഷം വീണാല്‍ പിന്നെ വലിയ പണിയാണ്. കശുവണ്ടികള്‍ മുഴുവനും ഉണക്കയിലകള്‍ക്കുള്ളില്‍ പോയാല്‍ പിന്നെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്. കശുവണ്ടി ഒഴിഞ്ഞ് മഴ പിടിച്ചാല്‍ മുളച്ച് പൊന്തുമ്പോള്‍ മാത്രമേ അവ ഭൂമി കാണുകയുള്ളൂ..

നീളമുള്ള ഒരു വടിയുടെ അറ്റത്ത് ഒരു ആണി തറപ്പിച്ച് വോക്കിങ് സ്റ്റിക് പോലെയാക്കി ഞാന്‍ കയ്യിലെടുക്കും. കാരമുള്ളിന്‍ കൂട്ടത്തിലോ, കൈതക്കാടിന്റെ കൂട്ടത്തിലോ വീഴുന്ന കശുവണ്ടീം, മാങ്ങയും കൈ കൊണ്ട് പെറുക്കാന്‍ നിന്നാല്‍ കൈ മുഴുവന്‍ മുള്ള് കയറും. അത് കയറാണ്ടിരിക്കാന്‍ ആണി തറച്ച കുഞ്ഞി കൊക്കയില്‍ കൊളുത്തി മാങ്ങയണ്ടി ഞാന്‍ എടുക്കും.

 

കൊറേ കശുവണ്ടി പെറുക്കിക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആകെ മൊത്തം ഇരുട്ട് വന്ന് മൂടിയത് പോലെ എനിക്ക് തോന്നി.

 

കല്ലണ്ടി (വെയിലില്‍ കല്ലിച്ചു പോയ കശുവണ്ടി) തച്ചിടാനും ആ വടി  ഉപയോഗിക്കാറുണ്ടായിരുന്നു. പെറുക്കലും, മുരുടലും ഒരു കല തന്നെയായിരുന്നു. പക്ഷെ രണ്ടും ഒരുമിച്ച് ചെയ്യാന്‍ നല്ല മടിയായിരുന്നു. പെറുക്കി കഴിയുമ്പോഴേക്കും ശരീരത്തില്‍ ആകെയുള്ള ചോരയും, നീരും സൂര്യന്‍ വലിച്ചെടുത്തിട്ടുണ്ടാകും. അത് കൊണ്ട് മുരുടാന്‍ ഇരിക്കുമ്പോഴേക്കും ആകെ തളര്‍ന്നിട്ടുണ്ടാകും. 

ഇതിനിടയില്‍  ‘മുക്കാലാ മുക്കാബിലാ ഓ ലൈല’ പാടിയും ‘ഹമ്മാ ഹമ്മാ’ പാടിയും ആടിയും ജോലി വേളകള്‍ ആനന്ദകരമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എന്ത് ചെയ്താലും ഇല്ലെങ്കിലും ഉച്ചയാകുമ്പോഴേക്കും എന്റെ കാറ്റ് തീരാനാകും. പക്ഷെ അതിമോഹങ്ങളുടെ പട്ടികകള്‍ക്ക് അന്ത്യമില്ലാത്തത് കൊണ്ട് പുതിയ താളങ്ങളും, രാഗങ്ങളും കണ്ടെത്തി ഞാന്‍ ആടിക്കൊണ്ടിരിക്കും.

കശുവണ്ടി പെറുക്കി കൊണ്ടിരിക്കുന്നേന്റെ നടുവിലാണ് പള്ള കൂച്ചി കെട്ടാന്‍ തുടങ്ങിയത്. രാവിലെ ഒന്നും തിന്നിട്ടുണ്ടായിരുന്നില്ല. പൊലര്‍ച്ചക്ക് ഇക്കാക്കാന്റെ കൂടെ അടക്ക പെറുക്കാന്‍ പോയി വന്നേന്റെ ക്ഷീണത്തില്‍ കുറച്ച് ഉറങ്ങിപ്പോയി. മദ്രസയില്‍ പോക്ക്  ഏതാണ്ട് നിന്ന മട്ടായോണ്ട് ഉമ്മച്ചിയും പിന്നെ ഒന്നും ചോദിച്ചില്ല. എണീക്കുമ്പോഴേക്കും എല്ലാരും സുരേട്ടന്റെ ലോറിയില്‍ കേറിക്കഴിഞ്ഞിരുന്നു. ഒന്നും കുടിക്കാണ്ട് ലോറിയില്‍ ഓടിക്കയറി. പെറ്റിക്കോട്ടിന്റെ മേലെ ഇക്കാക്കാന്റെ ഒരു ഫുള്‍ കൈ ഷര്‍ട്ട് മാത്രം എടുത്തിട്ടു.

കൊറേ കശുവണ്ടി പെറുക്കിക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആകെ മൊത്തം ഇരുട്ട് വന്ന് മൂടിയത് പോലെ എനിക്ക് തോന്നി. അടുത്തുണ്ടായിരുന്ന വലിയ ഒരു പാറയില്‍ വലിഞ്ഞു കയറി  ഞാന്‍ മലര്‍ന്നു കിടന്നു. വെല്ലുപ്പ തലയില്‍ കെട്ടിത്തന്നിരുന്ന ഒരു പഴയ മുണ്ടിന്റെ കഷ്ണം അഴിച്ചെടുത്ത് മുഖത്തെ വിയര്‍പ്പ് ഞാന്‍ ഒപ്പിയെടുത്തു. വയറിലെ ഗുളു ഗുള ശബ്ദം കേട്ടപ്പോള്‍ വിരകള്‍ വിശന്ന് കരയുകയാണെന്ന്  തീര്‍ച്ചപ്പെടുത്തി. 

കഴിഞ്ഞ ദിവസം ഉച്ചക്ക് എല്ലാരും ഉറങ്ങുന്ന സമയത്ത്  ഈ പാറയില്‍ കിടന്ന് വായിച്ച ബഷീറിന്റെ ‘വിശപ്പ് ‘ എന്ന കഥ എനിക്കോര്‍മ്മ വന്നു. അറിയാതെ കണ്ണ് നിറഞ്ഞു.

ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ ആരും കാണാതെ ഷഢിയുടെ ഉള്ളില്‍ തിരുകി വെച്ച് കൊണ്ട് വന്ന് പാറയില്‍ കിടന്നിങ്ങനെ വായിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.

പതിനൊന്നരയൊക്കെ ആകുമ്പോള്‍ മറ്റുമ്മ തീ കൂട്ടി കട്ടന്‍ ചായ ഉണ്ടാക്കും. അവിലോ, റസ്‌കോ, മിച്ചറോ അങ്ങനെ എന്തേലും കൂടെ തിന്നാനും കിട്ടും.

ഞാന്‍ കിടന്നയിടത്തു നിന്നും അടുത്ത പറമ്പില്‍ കശുവണ്ടി പെറുക്കുന്ന മറ്റുമ്മാനെ പാളി നോക്കി. അവര്‍ ധൃതിയില്‍ പെറുക്കി കൊണ്ടിരിക്കുകയാണ്. തൊട്ടടുത്ത പറമ്പില്‍ സുരേട്ടനുണ്ട്.  രണ്ട് പേരോടും വിശക്കുന്നു എന്ന് പറയാന്‍  ആത്മാഭിമാനം  സമ്മതിക്കാത്തതു കൊണ്ട് എന്റെ കണ്ണുകള്‍ വെല്ലുപ്പാപ്പയെ പരതി. പക്ഷെ കണ്ണെത്തുന്ന ദൂരത്തൊന്നും മൂപ്പരെ  കണ്ടില്ല.

 

ചാടി എഴുന്നേറ്റ എന്റെ വയറ്റില്‍ നിന്നും അമ്മിക്കല്ല് എന്ന് വിളിക്കുന്ന വെള്ളാരം കല്ലുകള്‍ നാല് ഭാഗത്തും ഊര്‍ന്നു പോയി.

1. ഉമ്മയ്‌ക്കൊപ്പം. 2. സുഹൃത്തും പ്രശസ്ത ഗായികയുമായ ഇംതിയാസ് ബീഗത്തിനൊപ്പം
 

കാലുകള്‍ നിവര്‍ത്തി വെച്ച് മുണ്ടിന്റെ കഷ്ണം തലയിലിട്ടു കൊണ്ട് ഞാന്‍ അവിടെ തന്നെ മലര്‍ന്നു കിടന്നു. കശുവണ്ടി നീരിന്റെ വാടയടിക്കുന്ന ആ പാറയുടെ തൊട്ട് താഴെ ഒരു മുള്ളന്‍പന്നിയുടെ ഗുഹയാണെന്ന കാര്യം ആ നേരത്ത് എന്റെ ഉറക്കത്തെ ബാധിച്ചതുമില്ല.

കിടക്കും മുമ്പ് തണുപ്പ് കിട്ടാന്‍ വേണ്ടി വയറിന് മുകളില്‍ എടുത്ത് വെച്ചിരുന്ന കുറച്ച് വെള്ളാരം കല്ലുകള്‍ മാത്രം എന്റെ ശ്വാസോച്ഛ്വാസത്തിന്റെ കൂടെ ഉയര്‍ന്നും, താണും പോകുന്നതായി എനിക്ക് തോന്നി.
 
‘നുച്ചിയേ, എണെ നുച്ചി പെണ്ണേ…’

സുരേട്ടന്റെ വിളി കേട്ടാണ് ഉറക്കം ഞെട്ടിയത്.

‘ബാണേ ബന്ന് കട്ടന്‍ ചായ കുടിക്ക്’ സുരേട്ടന്‍ വിളിച്ചു.

ചാടി എഴുന്നേറ്റ എന്റെ വയറ്റില്‍ നിന്നും അമ്മിക്കല്ല് എന്ന് വിളിക്കുന്ന വെള്ളാരം കല്ലുകള്‍ നാല് ഭാഗത്തും ഊര്‍ന്നു പോയി.

 

താഴ്‌വാരകള്‍ നടുങ്ങും വിധത്തില്‍ നിലവിളിച്ചു കൊണ്ട് ഞാന്‍ ഉരുണ്ട് വീണു. കണ്ണുകള്‍ തുറക്കാന്‍ പറ്റുന്നില്ല

 

ചെരിപ്പ് പരതാന്‍ വേണ്ടി തല കുനിച്ചപ്പോള്‍ തലക്ക് ഇത്തിരി കനം കൂടിയിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. പാറയില്‍ നിന്നിറങ്ങി മറ്റുമ്മയിരിക്കുന്ന ഇടത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ അന്ധകാരം വന്ന് മൂടിയവളെപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി, കാലുകള്‍ തളരുന്നു. കണ്ണുകള്‍ അടഞ്ഞു പോകുന്നു.

‘ന്റെ വെല്ലുപ്പാപ്പാ’ -ഞാന്‍ അലറി.

താഴ്‌വാരകള്‍ നടുങ്ങും വിധത്തില്‍ നിലവിളിച്ചു കൊണ്ട് ഞാന്‍ ഉരുണ്ട് വീണു. കണ്ണുകള്‍ തുറക്കാന്‍ പറ്റുന്നില്ല കല്ലിലും, പാറയിലും കുറ്റിക്കമ്പുകളിലും ഉരസി ശരീരം ചതഞ്ഞും, അരണ്ടും ആ മല മുകളില്‍ നിന്നും താഴേക്ക് പതിച്ചു.
 
‘മൊയ്തീശേഖ്  തങ്ങളേ എന്റെ മോള്’ എന്നും പറഞ്ഞ് തൊട്ടപ്പുറത്ത് നിന്നും ഓടി വരുന്ന വെല്ലുപ്പാപ്പയേയും, എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്ന സുരേട്ടനേയും ഞാന്‍ ഒരു നൊടിയിടയില്‍ കണ്ടു.

മുഖത്തേക്ക് വെള്ളം തെറിച്ചു വീഴുമ്പോള്‍ പുകച്ചിലോടെ ഞാനൊന്ന് കണ്ണ് തുറന്നു. വെല്ലുപ്പാന്റെ ബേജാറായ മുഖത്ത് നോക്കി ഞാന്‍ വെള്ളം, വെള്ളം എന്ന് മാത്രം പറഞ്ഞു.

ചൂടുള്ള കട്ടന്‍ ചായ അകത്തു ചെല്ലുമ്പോള്‍ തൊട്ടപ്പുറത്ത് കുഴച്ച് വെച്ചിരുന്ന അവിലിലേക്ക് നാണമില്ലാതെ ഞാന്‍ വിരല്‍ ചൂണ്ടി.

ചവക്കാന്‍ പോലും മിനക്കെടാതെ ഒറ്റയിരുപ്പില്‍ ഞാനത് മുഴുവനും വാരിത്തിന്നു. വെല്ലുപ്പാപ്പ കണ്ണുകള്‍ ഇറുക്കി അടച്ചു. സുരേട്ടന്‍ കൊച്ചു കുട്ടിയെ പോലെ കരയുന്നത് എന്തിനാണെന്ന് ഞാനപ്പോള്‍ ചോദിച്ചില്ല. മറ്റുമ്മ മാത്രം ഒന്നും മിണ്ടാതെ ദൂരെ നോക്കിയിരുന്നു.

ഞാന്‍ വീണ്ടുമൊന്ന് മയങ്ങിപ്പോയി. നീറുന്ന ശരീരവുമായി ഉണര്‍ന്നപ്പോള്‍ ഇക്കാക്കാന്റെ ഷര്‍ട്ട് പലയിടത്തും കീറിയത് കണ്ടു. എന്റെ ഉള്ളൊന്ന് കാളി. മല കയറുവാന്‍ കാരണമായ എന്റെ അതിമോഹങ്ങളെ റദ്ദ് ചെയ്യാന്‍ ഈ ഷര്‍ട്ട് കാരണമാകുമോ എന്ന് ഞാന്‍ ഭയന്നു.

കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരില്‍ അന്ന് മുഴുവന്‍ എന്റെ ദേഹം നനഞ്ഞ് കിടന്നു. വെയിലൊന്നിറങ്ങിയപ്പോള്‍ അത് വരെ പെറുക്കിയ കശുവണ്ടികള്‍ എടുത്ത് മറ്റുമ്മയും, വെല്ലുപ്പായും എന്നത്തേയും പോലെ മുന്നില്‍ നടന്നു. തോളില്‍ എന്നെയും കിടത്തി നടക്കുമ്പോള്‍ തടിച്ചു കുറുതായ സുരേട്ടന്റെ ശ്വാസോച്ഛ്വാസം മാത്രം ഞാന്‍ വലുതായി കേട്ടു.

മൈക്രോമിലേക്കുള്ള എന്റെ യാത്രയ്ക്ക് അതോടു കൂടി അന്ത്യമായെങ്കിലും ശനിയാഴ്ച്ച അതു വരേയുള്ള കൂലി സുരേട്ടന്‍ കയ്യില്‍ തരുമ്പോള്‍ ഞാന്‍ കണക്കു കൂട്ടിയതിലും മുന്നൂറ്  രൂപ അതില്‍ കൂടുതലുണ്ടായിരുന്നു. 

ഏതോ സിനിമയില്‍ നായിക അണിഞ്ഞിരുന്ന പാദസരം കണ്ട് അതിമോഹം പൂണ്ട് മല കയറി സമ്പാദിക്കാന്‍ പോയ എന്റെ പൂതി പൂവണിയാന്‍ അത് ധാരാളമായിരുന്നു. 

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം. മറ്റ് കുറിപ്പുകള്‍ വായിക്കാം.

By admin