ഇന്നും കുറിപ്പ് വല്ലതുമുണ്ടോ; ബാറ്റിംഗിനിടെ അഭിഷേക് ശര്‍മയുടെ പോക്കറ്റില്‍ കൈയിട്ട് സൂര്യകുമാര്‍ യാദവ്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദിന്‍റെയും മത്സരത്തിലെയും ടോപ് സ്കോററായത് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയായിരുന്നു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് അളിക്കത്താതെ മടങ്ങിയെങ്കിലും മുംബൈയുടെ ചങ്കിടിപ്പേറ്റിയാണ് ക്രീസില്‍ നിന്നത്.

ദീപക് ചാഹര്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ടിറങ്ങി സിക്സിന് ശ്രമിച്ച അഭിഷേകിനെ സ്ലിപ്പില്‍ വില്‍ ജാക്സ് കൈവിട്ടിരുന്നു. പിന്നീട് ലഭിച്ച അര്‍ധാവസരങ്ങളും മുംബൈക്ക് മുതലാക്കാനായില്ല. എന്നാല്‍ പിച്ചിലെ സഹായം മുതലെടുത്ത് മുംബൈ ബൗളര്‍മാര്‍ അഭിഷേകിനെയും ട്രാവിസ് ഹെഡിനെയും പവര്‍ പ്ലേയില്‍ ശരിക്കും ക്രീസില്‍ പൂട്ടി. സ്ലോ ബോളുകളായിരുന്നു അഭിഷേകിനെയും ഹെഡിനെയും പൂട്ടാൻ മുംബൈ പ്രയോഗിച്ചത്.

വാംഖഡെയില്‍ വീണ്ടും മുംബൈയുടെ വിജയഭേരി, ഹൈദരാബാദിനെ വീഴ്ത്തിയത് 4 വിക്കറ്റിന്

ഇടക്കിടെ അഭിഷേക് ആളിക്കത്തിയെങ്കിലും ഒറ്റ സിക്സ് പോലും നേടാന്‍ താരത്തിനായില്ല. ഇതിനിടെ ബാറ്റിംഗ് ക്രീസില്‍ നിന്ന അഭിഷേകിന് അടുത്തെത്തി മുംബൈ താരം സൂര്യകുമാര്‍ യാദവ് പോക്കറ്റില്‍ കൈയിട്ടത് കാണികളിലും ചിരി പടര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തില്‍ 141 റണ്‍സടിച്ച അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം പോക്കറ്റില്‍ നിന്ന് കുറിപ്പെടുത്ത് ആരാധകരെ കാണിച്ചിരുന്നു. ഇത് ഓറഞ്ച് ആര്‍മിക്കുവേണ്ടി എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍. അതുപോലെ ഇത്തവണയും എന്തെങ്കിലും ഉണ്ടോ എന്നറിയാനായിരുന്നു സൂര്യയുടെ പരിശോധന.

എന്തായാലും മുംബൈ ഭയപ്പെട്ടതുപോലെ സംഭവിച്ചില്ല. 28 പന്തില്‍ 40 റണ്‍സെടുത്ത്  അഭിഷേക് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ പുറത്തായി. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഹൈദരാബാദ് ബാറ്റിംഗ് നിരയിലെ ആദ്യ നാലു താരങ്ങള്‍ക്കും മത്സരത്തില്‍ ഒരു സിക്സ് പോലും പറത്താനുമായില്ല. പഞ്ചാബിനെതിരെ 141 റണ്‍സടിച്ച ഇന്നിംഗ്സില്‍ അഭിഷേക് 10 സിക്സും 14 ഫോറും നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin