Good Friday 2025: യേശുദേവന്‍റെ കുരിശുമരണ സ്മരണയില്‍ നാളെ ദുഃഖവെള്ളി; അറിയാം ഈ ചരിത്രം
യേശുക്രിസ്തുവിന്റെ കുരിശു മരണത്തെയും അതിന്റെ ത്യാഗ സ്മരണകളെയും ആദരിക്കുന്നതിനായി ക്രിസ്ത്യാനികൾക്കുള്ള ഒരു പുണ്യദിനമാണ് ദുഃഖവെള്ളി. അതിനാല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിന് തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ ഈ ദിനം അനുസ്മരിക്കുന്നു. ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഗ്രേറ്റ് ആൻഡ് ഹോളി ഫ്രൈഡേ എന്നും അറിയപ്പെടുന്നു.
യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. മനുഷ്യരുടെ പാപങ്ങൾ ഇല്ലാതാക്കാനായി ക്രിസ്തു കുരിശുമരണം വരിക്കുകയും മൂന്നാംനാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നുമാണ് വിശ്വാസം. മനുഷ്യകുലത്തിന്റെ മുഴുവൻ പാപപരിഹാരത്തിനായി ക്രിസ്തു തന്നെതന്നെ കുരിശിൽ സമർപ്പിച്ചതിന്റെ അനുസ്മരണമാണ് ഓരോ ദുഃഖവെള്ളിയിലും ക്രൈസ്തവർ ആചരിക്കുന്നത്.
ദുഃഖവെള്ളിയുടെ ചരിത്രം
വിശുദ്ധ ബൈബിളിൽ പറയുന്നത്, ദുഃഖവെള്ളി ദിനം എന്നത് യേശുവിനെ യൂദാസ് സ്‌കറിയോട്ട് ഒറ്റിക്കൊടുത്തതിന് ശേഷം റോമൻ നേതാവായ പൊന്തിയോസ് പീലാത്തോസ് യേശുവിനെ കുരിശിലേറ്റാൻ വിധിക്കുകയും ചെയ്ത ദിവസമാണ്. അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയും, മുൾ കിരീടം ധരിപ്പിക്കുകയും ഒരു ഭാരമുള്ള മരപ്പലക ചുമന്ന് കുരിശിൽ തറക്കുകയുമായിരുന്നു എന്നും ബൈബിളില്‍ പറയുന്നു.
മൂന്നാം നാൾ യേശു ഉയിർത്തെഴുന്നേറ്റതായും ക്രൈസ്തവർ വിശ്വസിക്കുന്നു. ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നുമുണ്ട്. എന്തായാലും യേശുവിനെ കുരിശിലേറ്റിയ ദിനമാണ് ദുഃഖവെള്ളിയായി ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ദിനം ക്രിസ്ത്യാനികള്‍ യേശുവിന്റെ ത്യാഗങ്ങളെയും ക്രൂശിക്കപ്പെട്ട വഴിയെയും ഓര്‍ത്തെടുക്കുന്നു. ദുഃഖത്തോടെയും പ്രാർത്ഥനയോടെയും നിശബ്ദതയോടെയും ആണ് ക്രൈസ്തവര്‍ ഈ ദിനം ആചരിക്കുന്നത്.
Also read: ദുഖവെള്ളി ദിനത്തിൽ പ്രിയപ്പെട്ടവർക്കായി അയക്കാം ഈ സ്നേഹ സന്ദേശങ്ങൾ