2 പന്തുകള്‍ക്കിടെ ട്രാവിസ് ഹെഡിനെ രണ്ട് തവണ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, എന്നിട്ടും നോട്ടൗട്ടായി താരം

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്ററായ ട്രാവിസ് ഹെഡിനെ രണ്ട് പന്തുകളുടെ ഇടവേളയില്‍ രണ്ട് തവണ പുറത്താക്കി മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ. ഹൈദരാബാദ് ഇന്നിംഗ്സിലെ പത്താം ഓവറിലായിരുന്നു സംഭവം. താളം കണ്ടെത്താന്‍ പാടുപെട്ട ട്രാവിസ് ഹെഡ് 24 പന്തില്‍ 24 റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഹാര്‍ദ്ദിക് ഹെഡിനെ ആദ്യം വീഴ്ത്തിയത്.

ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്സിന് പറത്താന്‍ ശ്രമിച്ച ഹെഡിന് പിഴച്ചു. ഹെഡിന്‍റെ ഷോട്ട് ബൗണ്ടറിയില്‍ വില്‍ ജാക്സ് കൈയിലൊതുക്കി. പിന്നാലെ മുംബൈ താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങി. എന്നാല്‍ മുംബൈയുടെ ആഘോഷം തണുപ്പിച്ച് പിന്നാലെ നോ ബോള്‍ സൈറന്‍ മുഴങ്ങി. ഇതോടെ മുംബൈ ക്യാംപ് നിരാശരായി. ഫ്രീ ഹിറ്റായ അടുത്ത പന്തിലും ഹെഡ് കൂറ്റനടിക്ക് ശ്രമിച്ചു. ഇത്തവണ ലോംഗ് ഓണിലൂടെ സിക്സിന് ശ്രമിച്ച ഹെഡിനെ വീണ്ടും ഫീല്‍ഡര്‍ ക്യാച്ചെടുത്തെങ്കിലും ഫ്രീ ഹിറ്റായതിനാല്‍  രക്ഷപ്പെട്ടു.

വാങ്കഡെയില്‍ വെടിക്കെട്ടില്ലാതെ ഹൈദരാബാദ്, പിടിച്ചുകെട്ടി മുംബൈ; വിജയലക്ഷ്യം 163 റണ്‍സ്

എന്നാല്‍ രണ്ട് തവണ ഭാഗ്യം ലഭിച്ചിട്ടും ഹെഡിന് അത് മുതലാക്കാനായില്ലെന്ന് മാത്രം. വില്‍ ജാക്സ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ഹെഡിനെ ലോംഗ് ഓഫില്‍ സാന്‍റ്നര്‍ കൈയിലൊതുക്കി. 11 ഓവര്‍ ക്രീസില്‍ നിന്നിട്ടും ഹെഡിന് നേടാനായത് 29 പന്തില്‍ 28 റണ്‍സ് മാത്രമായിരുന്നു.

മുംബൈക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടിയിട്ടപ്പോള്‍ 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയായിരുന്നു ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചപ്പോള്‍ അനികേത് വര്‍മ എട്ട് പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ സഖ്യം 7.3 ഓവറില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin