ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒരാഴ്ചയിൽ 32.49 ലക്ഷം പിഴ

തിരുവനന്തപുരം: റോഡ് യാത്ര  സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.

ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ഹെവി വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന പാതകള്‍ കേന്ദ്രീകരിച്ചാണ്  പരിശോധനകള്‍ നടന്നത്. ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന്  ഐ.ജി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin