സ്വർണം പണയം വെച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിനെ അനുജൻ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി
തിരുവനന്തപുരം: ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അനുജൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗർ സ്വദേശി രാജീവിനെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. മൺവിളയിൽ തന്റെ ഓട്ടോ നിർത്തിയിട്ടിരുന്ന ജ്യേഷ്ഠൻ റെജിയും രാജീവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
രാജീവിന്റെ ഭാര്യയുടെ സ്വർണ്ണം റെജി പണയം വച്ചു എന്നാരോപിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് രാജീവ് പലതവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം റെജിയുടെ ഓട്ടോ കണ്ട് വെട്ടുകത്തിയുമായി വന്ന രാജീവ് റെജിയെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
വെട്ടു കൊണ്ട ശേഷം ഓട്ടോയിൽ കയറാ൯ ശ്രമിച്ച റെജിയെ വീണ്ടും വെട്ടി പരിക്കേൽപ്പിച്ച ശേഷം രാജീവ് സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു. വലതു കൈയ്ക്ക് സാരമായി പരിക്കേറ്റ റെജി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read also: പ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ ആക്രമണം; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈക്ക് പരുക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം