ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും

കൊച്ചി: നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകും. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും.

ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ്  സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 

കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും. 

അതേസമയം, ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോ എങ്ങോട്ടാണ് പോയതെന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. ഷൈന്‍റെ താമസ സ്ഥലത്തും പതിവായി താമസിക്കാറുള്ള ചില ഹോട്ടലുകളിലും ഡാന്‍സാഫ് സംഘം എത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. സ്വന്തം നാടായ തൃശൂരിലേക്ക് ഷൈന്‍ കടന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ പേരില്‍ ഷൈനിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ റെയ്ഡിനിടെ എന്തിന് ഓടിപ്പോയി എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഷൈനിനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് പൊലീസ് തീരുമാനം. വൈകാതെ ഇതിനുള്ള നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 

By admin