വെറും കളിത്തോക്ക്, ആരും അറിഞ്ഞില്ല, ഉടമയെ ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങളുടെ സ്വർണം കവർന്നു

മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ഒരു സംഭവത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇവിടെ ധയാരി പ്രദേശത്തെ ഒരു ജ്വല്ലറിയിൽ  കൊള്ളക്കാർ അതിക്രമിച്ചു കയറുകയും കടയുടമയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവരുകയും ചെയ്തു. എന്നാൽ, പിന്നീടാണ് ആ സത്യം പുറത്ത് വന്നത്, കൊള്ളക്കാർ കൊണ്ടുവന്നത് വെറും കളിത്തോക്കായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം അക്രമികൾ കടയുടമയായ വിഷ്ണു ദഹിവാളിനെ ഈ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ശേഷം ഏകദേശം 20 മുതൽ 25 തോല സ്വർണ്ണം ഇവർ കൊള്ളയടിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പൊലീസും കടയുടമയും ഞെട്ടിയത് ഇതുകൊണ്ടൊന്നും ആയിരുന്നില്ല. കളവിന് വേണ്ടി ഉപയോ​ഗിച്ചിരുന്നത് വെറും കളിത്തോക്കായിരുന്നു എന്ന് അറിഞ്ഞപ്പോഴാണ്. 

ഈ രം​ഗങ്ങളെല്ലാം ഇവിടെയുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുമുണ്ട്. ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇത് ഉപയോ​ഗിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. വീഡിയോയിൽ മാസ്ക് ധരിച്ച രണ്ടുപേർ ജ്വല്ലറിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് കാണാം. 

നേരത്തെ ഹരിയാനയിലെ സോനിപത്തിലും ഇതുപോലെ ഒരു സംഭവം നടന്നിരുന്നു. പിരിച്ചുവിട്ടതിന് പിന്നാലെ ഫ്ലിപ്കാർട്ട് ഓഫീസിൽ കയറി കളിത്തോക്ക് കാണിച്ച് മുൻ ജീവനക്കാരനടക്കം മൂന്നുപേർ ചേർന്ന് അന്ന് കവർന്നത് 21 ലക്ഷം രൂപയാണ്. 

കളവിന്റെ പ്രധാന സൂത്രധാരൻ സുമിത്ത് എന്ന യുവാവായിരുന്നു. ഇയാൾ നേരത്തെ ഫ്ലിപ്‍കാർട്ടിലെ ജീവനക്കാരനായിരുന്നു. എന്നാൽ, അയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നാലെ, കൂട്ടാളികളായ അനിൽ ടൈ​ഗർ, സന്ദീപ് എന്നിവരെ കൂടെ കൂട്ടി കവർ‌ച്ചയ്ക്ക് പദ്ധതിയിടുകയായിരുന്നു സുമിത്ത്. കവർച്ച നടന്ന് ഒരുമാസത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

By admin