വീടിനുമുന്നിൽ വാഹനം നിർത്തി വഴിതടസം; ചോദ്യം ചെയ്ത വീട്ടുമയ്ക്കും മകനും മർദനം, പൊലീസുകാരെയും ആക്രമിച്ചു
തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നൂക്കാവില്‍ വീട്ടുപടിക്കല്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്ത വീട്ടുടമയേയും മകനെയും ഇവരെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെയും ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ആമയൂര്‍ സ്വദേശികളായ പടിപ്പുരയ്ക്കല്‍ നൗഷാദ് (34), വെള്ളക്കട സുഗീഷ് എന്ന ചിഞ്ചു (36), മണ്ണായിക്കല്‍ യഹിയ (29) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. കെ. അനില്‍കുമാര്‍, എസ്.ഐ. സാബു, എ.എസ്.ഐ. ബാസ്റ്റിന്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സഞ്ചരിച്ച ആഡംബര ജീപ്പും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ നൗഷാദ്, സുഗീഷ് എന്നിവരാണ് പോലീസിനെ അക്രമിച്ചത്. യഹിയയാണ് ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചത്. അക്രമി സംഘത്തിലെ ഒരാളെയും രക്ഷപ്പെടാന്‍ സഹായിച്ച നാലു പേരെയുമാണ് ഇനി പിടികൂടാനുള്ളത്. ചൊവ്വാഴ്ച രാത്രി 10ന് കോറോത്തയില്‍ പള്ളിക്ക് സമീപം ഷക്കീറിന്റെ വീട്ടുപടിക്കലാണ് സംഭവം.
ഇവിടെ കാര്‍ നിര്‍ത്തിയിട്ട് മാര്‍ഗ തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത ഷക്കീറിനെയും 16 കാരനായ മകനെയും സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെയും ആക്രമിച്ചു. പൊലീസുകാരനായ അര്‍ജുനന്റെ കൈയില്‍ കടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ഇതിനിടെ കാറിലെത്തിയ സംഘം അക്രമികളെ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്ന് പരാതികളില്‍ എട്ടുപേര്‍ക്കെതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ചതിനും പ്രതികളെ രക്ഷപ്പെടുത്തിയതിനും വീട്ടുടമയെ ആക്രമിച്ചതിനുമാണ് കേസ്.