രാജസ്ഥാൻ റോയൽസിന് കഷ്ടകാലം തുടരുന്നു; ആശങ്കയായി സഞ്ജുവിൻറെ പരിക്ക്
ജയ്പൂർ: രാജസ്ഥാൻ റോയൽസിന് ആശങ്കയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിക്ക്. ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ പേശികൾക്ക് വേദന അനുഭവപ്പെട്ടത്. പ്രാഥമിക ചികിത്സ തേടിയിട്ടും മാറ്റം വരാതായതോടെ താരം റിട്ടയർഡ് ഔട്ട് ആവുകയായിരുന്നു.
19 പന്തിൽ 31 റൺസെടുത്താണ് സഞ്ജു ക്രീസിൽ നിന്ന് മടങ്ങിയത്. 3 സിക്സറുകളും രണ്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സഞ്ജുവിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. കൈ വിരലിനേറ്റ പരിക്കിനെ തുടർന്ന് സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററുടെ റോളിൽ മാത്രമാണ് എത്തിയിരുന്നത്. ഈ സീസണിൽ വലിയ തിരിച്ചടി നേരിടുന്ന രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിലെത്താൻ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.
അതേസമയം, രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് നാടകീയ ജയമാണ് സ്വന്തമാക്കിയത്. സൂപ്പർ ഓവറിലാണ് ഡൽഹി രാജസ്ഥാനെ വീഴ്ത്തിയത്. 188 റൺസുമായി രണ്ട് ടീമുകളുടെയും ഇന്നിംഗ്സ് അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ 12 റൺസ് വിജയലക്ഷ്യം ഡൽഹി 2 പന്തുകൾ ശേഷിക്കേ മറികടന്നു. മിച്ചൽ സ്റ്റാർക്കിന്റെ ഓവറുകളാണ് ഡൽഹിക്ക് ആവേശ ജയം സമ്മാനിച്ചത്. മിച്ചൽ സ്റ്റാർക്ക് തന്നെയാണ് കളിയിലെ താരവും. ആവേശ ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സീസണിലെ അഞ്ചാം തോൽവി നേരിട്ട രാജസ്ഥാൻ എട്ടാം സ്ഥാനത്ത് തുടരുകയാണ്.
READ MORE: സൂപ്പര്‍ ഓവറിൽ രാജസ്ഥാനെ മലര്‍ത്തിയടിച്ച് ഡൽഹി; 2 പന്തുകൾ ബാക്കിയാക്കി ആവേശ ജയം