മെട്രോയിൽ സ്ത്രീകളുടെ കീർത്തനാലാപനം, ഇടപെട്ട് സിഐഎസ്എഫ് ജവാൻ, ഒടുവിൽ നിർത്തി, വീഡിയോ
ട്രെയിനിൽ നിന്നും മെട്രോയിൽ നിന്നും ഒക്കെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. അതിൽ ഏറെ രസകരമായതും വിചിത്രമായതും ഒക്കെ പെടാം. അതുപോലെതന്നെ മെട്രോയിൽ പാലിക്കപ്പെടേണ്ട നിയമങ്ങളും മിക്കവരും അറിഞ്ഞോ അറിയാതെയോ തെറ്റിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഡെൽഹി മെട്രോ കോച്ചിൽ വച്ച് ഒരു കൂട്ടം സ്ത്രീകൾ കീർത്തനം ആലപിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏപ്രിൽ 3 -ന് ബില്ലു സാൻഡ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. അതിൽ കുറച്ച് സ്ത്രീകൾ സീറ്റുകളിൽ ഇരിക്കുന്നതും മറ്റുള്ളവർ തറയിൽ ഇരിക്കുന്നതുമാണ് കാണുന്നത്. ധോലക്, മഞ്ജിര തുടങ്ങിയ സംഗീതോപകരണങ്ങളും അവരുടെ കയ്യിലുണ്ട്. അവർ അത് വായിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഇവരുടെ കീർത്തനാലാപനം ഉച്ചത്തിലാണ് എന്നുള്ളത് കൊണ്ട് തന്നെ മറ്റ് ചില യാത്രക്കാർ അസ്വസ്ഥരാകുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ സുരക്ഷാജീവനക്കാരനായ സിഐഎസ്എഫ് ജവാൻ സ്ഥലത്ത് എത്തുന്നതാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹം സ്ത്രീകളോട്, ഈ ചെയ്യുന്നത് മെട്രോയുടെ നിയമങ്ങൾക്ക് എതിരാണ് എന്ന് പറഞ്ഞ് മനസിലാക്കുന്നുണ്ട്.
ഇത് മനസിലായതോടെ സ്ത്രീകൾ കീർത്തനം ആലപിക്കുന്നത് നിർത്തുകയും സുരക്ഷാ ജീവനക്കാരനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മെട്രോയുടെ നിയമപ്രകാരം നിലത്ത് ഇരിക്കുക, പാടുക, നൃത്തം ചെയ്യുക ഇവയൊന്നും ചെയ്യാനുള്ള അനുവാദം ഇല്ല.
വീഡിയോയിൽ സ്ത്രീകൾ സംഗീതോപകരണങ്ങൾ വായിക്കുന്നതും പാടുന്നതും എല്ലാം കാണാം. കുറച്ച് കഴിയുമ്പോൾ സുരക്ഷാ ജീവനക്കാരനായ സിഐഎസ്എഫ് ജവാൻ എത്തുന്നതും സ്ത്രീകൾ ഖേദം പ്രകടിപ്പിച്ച് കീർത്തനം ആലപിക്കുന്നത് നിർത്തുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.