മാലിദ്വീപിലേക്കാണോ ? ഇസ്രയേൽ പൗരനാണോ ? എങ്കിൽ സ്റ്റോപ്; കടക്കാൻ അനുവാദമില്ല, വിലക്കേർപ്പെടുത്തി മാലിദ്വീപ്

കൊളംബോ: ഗാസയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി മാലിദ്വീപ്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയാണ് ഇത്തരത്തിലൊരു വിലക്കിന് പിന്നിലെന്ന് മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ ഓഫീസ് അറിയിച്ചു. രാജ്യത്തെ കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായും ഇസ്രയേല്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മാലിദ്വീപില്‍ കടക്കാന്‍ അനുവാദമില്ലെന്നും വ്യക്തമാക്കുന്നതാണ് പ്രസ്താവന.

പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ അതിക്രമങ്ങൾക്കും തുടർച്ചയായ വംശഹത്യകൾക്കുമെതിരെയുള്ള സർക്കാരിന്‍റെ പ്രതികരണവും ഉറച്ച നിലപാടിനെയുമാണ് ഈ നിയമഭേദഗതി പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമായി പറയുന്നു.  ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റാണ് നിയമം സഭയില്‍ പാസാക്കിയത്. 

Read More:ആശുപത്രിയിലെത്തിയപ്പോൾ ഓട്ടോ ഇടിച്ചു, ഓട്ടോ ഇടിച്ചതിന് പൊലീസ് ഇടിച്ചു; മാനസികാസ്വാസ്ഥ്യമുള്ളയാള്‍ ചികിത്സയിൽ

2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധവും തുടര്‍ന്നുണ്ടായ വംശഹത്യയെ സംബന്ധിക്കുന്ന എല്ലാ ആരോപണങ്ങളും ഇസ്രായേൽ നിരന്തരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നര വര്‍ഷമായി ആക്രമം തുടരുകയാണ്. 50,000 ത്തിലധികം ആളുകള്‍ മരിച്ചു എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.  മാര്‍ച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം ഇന്നും ഗാസയില്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ നിലവില്‍ കടന്നുപോകുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin