ഭൂമിയുടെ രണ്ടരയിരട്ടി വലിപ്പം, ജീവന്റെ തുടിപ്പെന്ന് സംശയം! കണ്ടെത്തലിന് പിന്നിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും സംഘവും
ഭൂമിയിൽ നിന്ന് 120 പ്രകാശവർഷത്തിലധികം അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമായ K2-18b യുടെ അന്തരീക്ഷത്തിൽ ജീവന്റെ സാധ്യതയുള്ളതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറും ഇന്ത്യൻ വംശജനുമായ ജ്യോതിശാസ്ത്രജ്ഞനായ ഡോ. നിക്കു മധുസൂദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെ കാർബൺ അടങ്ങിയ തന്മാത്രകളുടെ സാന്നിധ്യം സംഘം കണ്ടെത്തി. ഗ്രഹത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ളതിന്റെ തെളിവാണ് കാർബണിന്റെ സാന്നിധ്യം.
രണ്ട് വർഷത്തിനുള്ളിൽ നമുക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് മധുസൂദനൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹമാണ് K2-18b. ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന തണുത്ത ചുവന്ന കുള്ളൻ നക്ഷത്രമായ K2-18 നെ ചുറ്റുന്ന ഗ്രഹമാണിത്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിലാണ് ഭ്രമണം ചെയ്യുന്നത്. ഗ്രഹത്തിലെ താപനിലയിൽ ദ്രാവരൂപത്തിൽ ജലം നിലനിന്നേക്കാം. ഭൂമിയുടെ ഏകദേശം 2.6 മടങ്ങ് വലിപ്പവും 8.6 മടങ്ങ് പിണ്ഡവുമുള്ളതാണ് K2-18b.
ആരാണ് ഡോ. നിക്കു മധുസൂദനൻ?
ഇന്ത്യൻ വംശജനായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. നിക്കു മധുസൂദൻ, സൗരയൂഥേതര ഗ്രഹങ്ങളിൽ, പ്രത്യേകിച്ച് അവയുടെ അന്തരീക്ഷം, ആന്തരികഭാഗങ്ങൾ, രൂപീകരണ സാഹചര്യങ്ങൾ, ആവാസ വ്യവസ്ഥ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ശാസ്ത്രജ്ഞനാണ്.
കേംബ്രിഡ്ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിൽ ആസ്ട്രോഫിസിക്സ് ആൻഡ് എക്സോപ്ലാനറ്ററി സയൻസ് പ്രൊഫസറാണ് അദ്ദേഹം. വാരാണസിയിലെ ഐഐടി-ബിഎച്ച്‍യുവിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ അദ്ദേഹം എംഐടിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസും പിഎച്ച്ഡിയും നേടി.