‘ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ല, കൊലവിളി പ്രസം​ഗത്തിൽ കേസെടുക്കണം’: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഹെഡ്​ഗെവാറിന്റെ പേരിനെച്ചൊല്ലി പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്കൊപ്പം ചർച്ചയ്ക്ക് തയ്യാറല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബിജെപിക്കൊപ്പം അടച്ചിട്ട മുറിയിൽ ചായയും ബിസ്കറ്റും കഴിക്കാനില്ലെന്ന് പറഞ്ഞ രാഹുൽ ഇങ്ങനെയാണോ പൊലീസ് പ്രശ്നം പരിഹരിക്കേണ്ടതെന്നും ചോദിച്ചു. സർവകക്ഷി യോഗത്തിന് തയ്യാറാണ്. കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ നിയമം നടപ്പാക്കുകയാണ് പൊലീസ് വേണ്ടതതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം.  പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. 

നേരത്തെയും  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എംഎൽഎയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. അതേസമയം നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

By admin