ബിജെപിക്കൊപ്പം ചർച്ചയിൽ ഇല്ലെന്ന് കോൺഗ്രസ്; ഹെഡ്ഗേവാർ പേര് വിവാദത്തിൽ പോര് തുടർന്ന് കോൺഗ്രസും ബിജെപിയും
പാലക്കാട്: പാലക്കാട്ടെ ഹെഡ്ഗേവാർ പേര് വിവാദം ഒരാഴ്ച പിന്നിടുമ്പോഴും പോര് തുടർന്ന് കോൺഗ്രസും ബിജെപിയും. പേരിനപ്പുറം വിവാദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി നേരിട്ട് വിവിധ രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്കൊപ്പമുള്ള ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്‍റെയും എംഎൽഎയുടേയും നിലപാട്. കൊലവിളി തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം പേര് മാറ്റില്ലെന്നും പദ്ധതി അതേപേരിൽ തന്നെ നടപ്പാക്കുമെന്നുമാണ് ബിജെപി നിലപാട്. കൊലവിളിയിൽ പൊലീസ് നടപടി സ്വീകരിച്ചാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും ബിജെപി നേതാക്കൾ പറയുന്നു.