ഫ്ലാറ്റിൽ നിന്ന് പേരണ്ടൂർ കനാലിലേക്ക് മാലിന്യമെറിഞ്ഞു, സെക്യൂരിറ്റിയെ ചോദ്യം ചെയ്തപ്പോൾ ആളെ കിട്ടി, 12500 പിഴ

കൊച്ചി: വിഷു ദിനത്തില്‍ തേവര പേരണ്ടൂര്‍ കനാലില്‍ പ്ലാസ്റ്റിക് അടക്കം പടക്കമാലിന്യങ്ങള്‍ തള്ളിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം. എളമക്കര നേര്‍ത്ത് ഡിവിഷനിലെ ഗ്രീന്‍ ട്രിപ്പിള്‍ ലൈനിലുള്ള ഫല്‍റ്റ് സമുച്ഛയത്തിലെ താമസക്കാരനായ അരുണ്‍ കിഷോറില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് 12500 രൂപ പിഴ ഈടാക്കിയത്. 

തിങ്കളാഴ്ച രാത്രിയില്‍ ഫ്‌ളാറ്റിന് സമീപം പടക്കം പൊട്ടിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പേരണ്ടൂര്‍ കനാലില്‍ തള്ളിയെന്ന് കാട്ടി പ്രദേശവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്ഥലത്തെത്തിയ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കനാലില്‍ മാലിന്യം കണ്ടെത്തുകയും ചെയ്തു. ഫ്ലാറ്റിലെ സെക്യൂരിറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അരുണും മറ്റൊരാളും അന്നേ ദിവസം പടക്കം പൊട്ടിച്ചതായി വിവരം ലഭിച്ചത്. 

അരുണിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് 12500 രൂപ പിഴ ഈടാക്കിയ ശേഷം ഇയാളെക്കൊണ്ട് തന്നെ മാലിന്യം കനാലില്‍ നിന്ന് നീക്കം ചെയ്യിച്ചു. മാലിന്യം നിക്ഷേപിച്ച മറ്റൊരു സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ പറഞ്ഞു.

ഒറ്റദിനം, വാരിക്കൂട്ടിയത് ഒന്ന് രണ്ടുമല്ല 9 ടൺ; കിലോമീറ്ററുകളോളം നീളത്തിൽ കടൽത്തീര ശുചീകരണം, മാലിന്യം നീക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin